
ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെയും സുഹൃദ്‌ബന്ധങ്ങളെയും കുറിച്ച് ഒരു ജർമ്മൻ യുവതി പങ്കുവെച്ച ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബെർലിൻ സ്വദേശിനിയായ 29 -കാരി ജെനിഫറാണ്, യാത്രയ്ക്കിടെ തന്റെ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിലുള്ള സുഹൃത്തുക്കൾ താങ്ങായി നിന്ന കഥ പങ്കുവെച്ചത്. ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജെനിഫറിന്റെ കയ്യിൽ ആകെയുണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുന്നത്. മറ്റൊരു രാജ്യത്ത് വെച്ച് പണം കൈകാര്യം ചെയ്യാനുള്ള ഏക മാർഗ്ഗം ഇല്ലാതായതോടെ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും, പിന്നീട് നടന്നത് അതിശയിപ്പിക്കുന്ന സംഭവമായിരുന്നു എന്ന് ജെനിഫർ പറയുന്നു.
തന്റെ ഇന്ത്യൻ സുഹൃത്തുക്കൾ വിവരം അറിഞ്ഞ നിമിഷം മുതൽ സഹായവുമായി രംഗത്തെത്തിയെന്നാണ് അവൾ പറയുന്നത്. ഇതു തെളിയിക്കുന്ന വാട്ട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചിട്ടുണ്ട്. യാത്ര പൂർത്തിയാക്കാൻ ആവശ്യമായ പണം നൽകാൻ എല്ലാവരും തയ്യാറായി. പണം കൈമാറുന്നത് എളുപ്പമാക്കാൻ സുഹൃത്തുക്കൾ അവരുടെ യുപിഐ ഐഡികൾ പങ്കുവെച്ചു. താൻ സുരക്ഷിതയാണോ എന്ന് ഉറപ്പുവരുത്താൻ അവർ നിരന്തരം മെസ്സേജ് അയച്ചുകൊണ്ടിരുന്നു എന്നും അവൾ പറയുന്നു.
'ഒരു സെക്കൻഡ് പോലും എനിക്ക് ആശങ്കപ്പെടേണ്ടി വന്നില്ല. ഇത്തരമൊരു ഹെൽപ്പിംഗ് സിസ്റ്റം അതിശയിപ്പിക്കുന്നതാണ്' എന്ന് ജെനിഫർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിന്നീട് താൻ എല്ലാവർക്കും പണം തിരികെ നൽകിയതായും അവൾ വ്യക്തമാക്കി. ജെനിഫറിന്റെ വീഡിയോയ്ക്ക് താഴെ സമാനമായ നിരവധി അനുഭവങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്. 'ബെംഗളൂരുവിലെ ബസ്സിൽ വെച്ച് എന്റെ പേഴ്സ് നഷ്ടപ്പെട്ടപ്പോൾ, അത് കണ്ടെത്തിയ വ്യക്തി അടുത്ത ദിവസം രാവിലെ എന്റെ ഓഫീസിലെത്തി അത് തിരികെ നൽകി' എന്ന് ഒരാൾ കമന്റ് ചെയ്തു.
'ഇന്ത്യൻ ആതിഥ്യമര്യാദയെ ലോകത്ത് മറ്റൊന്നിനോടും ഉപമിക്കാനാവില്ല' എന്ന് മറ്റൊരാൾ കുറിച്ചു. 'വിദേശികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന പരിഗണനയും സ്നേഹവും വലുതാണ്' എന്നും ചിലർ അഭിപ്രായപ്പെട്ടു.