
റെസ്റ്റോറന്റുകൾ പലതും ഇന്ന് പല തരത്തിലുള്ള പരീക്ഷണങ്ങളിലൂടെ ആളുകളെ ആർഷിക്കാൻ ശ്രമിക്കുകയാണ്. അതിപ്പോൾ വ്യത്യസ്തങ്ങളായ ഭക്ഷണം മാത്രമല്ല, അതിനോടൊപ്പം തന്നെ വൈബുള്ള ആംബിയൻസും മറ്റും ഒരുക്കിയാണ് അവർ കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താൻ നോക്കുന്നത്. എന്നാൽ, അങ്ങനെ ഒരു വേറിട്ട പരീക്ഷണത്തിന്റെ പേരിൽ വൻ വിമർശനം ഏറ്റുവാങ്ങുകയാണ് വാരണാസിയിലെ ഒരു റെസ്റ്റോറന്റ്. വാരണാസിയിലെ 'ഹൊറർ തീം' റെസ്റ്റോറന്റാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. റെസ്റ്റോറന്റിലെത്തിയ ഒരു കൊച്ചുകുട്ടിയെ അവിടുത്തെ ജീവനക്കാർ ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനം.
വാരണാസിയിലെ ചേത്ഗഞ്ച് പ്രദേശത്തുള്ള 'കങ്കാൾ ഹൊറർ റെസ്റ്റോറന്റി'ലാണ് സംഭവം നടന്നത്. പ്രേതങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വേഷം ധരിച്ചെത്തുന്ന ജീവനക്കാർ കസ്റ്റമേഴ്സിനെ ഭയപ്പെടുത്തും. അതാണ് ഇവിടുത്തെ രീതി. റെസ്റ്റോറന്റ് അധികൃതർ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, പ്രേതത്തിന്റെ വേഷം കെട്ടിയ ഒരാൾ അടുത്തേക്ക് വരുമ്പോൾ ഒരു ചെറിയ കുട്ടി ഭയന്നുവിറയ്ക്കുന്നത് കാണാം. കുട്ടി കരഞ്ഞുകൊണ്ട് 'പ്ലീസ് പാപ്പാ നഹി' (വേണ്ട അച്ഛാ) എന്ന് പറയുന്നുണ്ട്. എന്നാൽ, പ്രേതത്തിന്റെ വേഷം കെട്ടിയ ആൾ പിന്തിരിയുന്നില്ല. മാതാപിതാക്കളും ജീവനക്കാരോട് മതി എന്ന് പറയുന്നില്ല. കുട്ടി ആകെ ഭയന്നിരിക്കുകയാണ് എന്നും വീഡിയോയിൽ കാണാം.
60 മില്ല്യണിലധികം ആളുകളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ ഇതിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നു. കുട്ടി വല്ലാതെ ഭയന്നിരിക്കുന്നു, ഇത് തമാശയല്ല, അവനുണ്ടായിരിക്കുന്ന മാനസികാഘാതം വലുതാണ്, ഇത് ചൈൽഡ്‍ഹുഡ് ട്രോമയ്ക്ക് വരെ കാരണമായി തീർന്നേക്കാം എന്ന് ആളുകൾ കമന്റ് ചെയ്തു. കുട്ടി കരയുമ്പോഴും ജീവനക്കാരോട് ഇത് മതിയാക്കാൻ പറയാത്ത മാതാപിതാക്കളെയും ആളുകൾ വിമർശിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ഇത്തരത്തിൽ പേടിപ്പിക്കുന്നത് ശരിയല്ല എന്നും ആളുകൾ പ്രതികരിച്ചു. അതേസമയം ഇതൊരു രസകരമായ അനുഭവമായി കാണുന്നവരും ഉണ്ട്.