
അസഹനീയമായ ചൂടാണ് ഈ വർഷം ഇന്ത്യയിലെമ്പാടും അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ആളുകൾ പുറത്തിറങ്ങാൻ പോലും മടിച്ച് തുടങ്ങി. എന്നാൽ, ചൂടിനെ പ്രതിരോധിക്കാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ബീഹാറിലെ ദാനാപൂരിലെ ഒരു ഹെയർ സലൂൺ ഉടമ തന്‍റെ ബുദ്ധിയുപയോഗിച്ചു. തന്‍റെ സലൂണിന് സമീപത്തായി അടഞ്ഞ് കിടന്ന ഒരു എസ്ബിഐയുടെ എടിഎം സെന്‍റ വാടകയ്ക്ക് എടുത്ത് കട അങ്ങോട്ട് മാറ്റി. അതാകുമ്പോൾ പുതിയ എസി ഘടിപ്പിക്കേണ്ട ആവശ്യവുമില്ല. കസ്റ്റമേഴ്സിനും ആശ്വാസം. ചൂട് കാലത്ത് എസിയുടെ കുളിലിൽ ഒരു മുടിവെട്ട്. പക്ഷേ, സംഗതി സീരിയസായത് എസ്ബിഐ എടിഎമ്മിലെ മുടിവെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ.
ബീഹാറിലെ ദാനാപൂരിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ, എസ്ബിഐ എടിഎം എന്നെഴുതിയ ഒരു ബോർഡ് കാണാം. എസ്ബിഐയുടെ നീലയിലും വെള്ളയിലും വരച്ച ലോഗോയും കാണാം. പക്ഷേ, അകത്ത് എസ്ബിടിയുടെ എടിഎമ്മിന് പകരം ഒരു കസേരയിൽ ഇരിക്കുന്ന ആളിന്‍റെ മുടി മറ്റൊരാൾ വെട്ടുന്ന കാഴ്ചയാകും നിങ്ങൾ കാണുക. ആദ്യ കാഴ്ചയിൽ നിങ്ങളൊന്ന് അമ്പരക്കും. എസ്ബിഐയുടെ എടിഎം സെന്‍റർ കൈയേറി ഒരാൾ സലൂൺ തുടങ്ങിയെന്നാകും നിങ്ങളുടെ ആദ്യ ചിന്ത. എന്നാൽ വീഡിയോയ്ക്കൊമുള്ള കുറിപ്പിൽ മറ്റൊന്നാണ് എഴുതിയിരിക്കുന്നത്.
'പട്‌നയിലെ ദാനാപൂരിൽ, അടച്ചിട്ടിരുന്ന ഒരു എസ്‌ബിഐ എടിഎം ഒരു ഹെയർ സലൂണാക്കി മാറ്റി. ബാങ്ക് സ്ഥലം വാടകയ്‌ക്കെടുത്തു, പക്ഷേ, എല്ലാ എടിഎം സൈനേജുകളും പുറത്ത് സൂക്ഷിച്ചു, അകത്ത് മുടി മുറിക്കുന്ന ബാർബർമാർ ഉപഭോക്താക്കളെ ഞെട്ടിച്ചു!' എക്സിൽ വീഡിയോ പങ്കുവച്ച് കൊണ്ട് ഘർ കെ കലേഷ് കുറിച്ചു. എടിഎം സെന്‍ററിൽ നിന്നും എടിഎം മിഷ്യൻ നീക്കം ചെയ്ത ശേഷം എസ്ബിഐ തന്നെയാണ് മുറി വാടകയ്ക്ക് കൊടുത്തത്. പക്ഷേ, എസ്ബിഐ എടിഎം എന്ന ബോർഡ് നീക്കിയില്ല. അതോടെ എസ്ബിഐ എടിഎം ബോർഡിന് കീഴിൽ ഒരു ഹെയർ സലൂൺ പ്രവർത്തിച്ചു. വീഡിയോ വൈറലായി, സംഭവം നാട്ടുകാർ അറിഞ്ഞതോടെ എസ്ബിഐ ഉദ്യോഗസ്ഥരെത്തി തങ്ങളുടെ ബോർഡ് നീക്കിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പക്ഷേ, വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു തമാശയായി മാറി. AI-ക്ക് ബീഹാറിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ നിരീക്ഷണം. 'കേശ് (മുടി) പിൻവലിക്കൽ സെൻറർ' എന്ന് മറ്റൊരു കാഴ്ചക്കാരൻ പേരുമിട്ടു. ATM- AnyTime Makeover എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്‍റെ ഭാവന കുറിച്ചത്.