
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 19 മിനിറ്റ് വീഡിയോയെ കുറിച്ച് മുന്നറിയിപ്പുമായി ഹരിയാന പൊലീസ്. സൈബർ സെൽ ഓഫീസർ അമിത് യാദവ് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കയാണ്. 19 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ യഥാർത്ഥമല്ലെന്നാണ് അദ്ദേഹം പറയുന്നത്. വൈറലാകുന്ന ഈ വീഡിയോ AI- യിൽ നിർമ്മിച്ച വീഡിയോയാണെന്നും അത് ഷെയർ ചെയ്താൽ ശിക്ഷാനടപടികളുണ്ടാവുമെന്നും യാദവ് പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യദൃശ്യങ്ങൾ ചോർന്നതെന്ന നിലയിൽ വ്യാപകമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പല ചർച്ചകളും പിന്നാലെ ഉയർന്നുവന്നു.
നവംബർ അവസാനത്തോടെയാണ് ഇന്റർനെറ്റിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉടനടി തന്നെ അത് വൈറലാവുകയായിരുന്നു. പിന്നീട് ഈ വീഡിയോയുടെ ലിങ്ക് തേടി നടക്കുകയായിരുന്നു ആളുകൾ. വീഡിയോ വൈറലായതോടെ പല പെൺകുട്ടികളും ഇതിന്റെ പേരിൽ ആരോപണങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ടി വന്നു. ഇത് അവരാണ് എന്ന രീതിയിലായിരുന്നു പ്രചാരണം. മാത്രമല്ല, ബംഗാളിൽനിന്നുള്ള ഒരു കണ്ടന്‍റ് ക്രിയേറ്ററായ യുവാവും സുഹൃത്തുമാണ് വീഡിയോയിലുള്ളന്നൊരു പ്രചരണം കൂടി ശക്തമായിരുന്നു. തങ്ങളുടെ ഫോണിൽ നിന്ന് ഒരു സുഹൃത്താണ് വീഡിയോ ചോർത്തി പ്രചരിപ്പിച്ചതെന്ന് പിന്നാലെ യുവാവ് പറയുകയും ചെയ്തിരുന്നു.
അതേസമയം, ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകുമെന്നും ഫോണിലെ വിവരങ്ങളെല്ലാം ചോരുമെന്നും മുന്നറിയിപ്പുകളുമെത്തി. സൈബർ തട്ടിപ്പുകാരാണ് ഇതിന് പിന്നിലെന്നാണ് പ്രചരിച്ചത്. ഇപ്പോഴിതാ, അമിത് യാദവ് പറയുന്നത് ഇത് എഐ നിർമ്മിതമാണ് എന്നാണ്. ഇത്തരം വീഡിയോകൾ പങ്കുവെച്ചാൽ, അവർക്കെതിരെ ഐപിസി 67, 67 എ, 66 എന്നീ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യാമെന്നും, ഇത് രണ്ട് ലക്ഷം രൂപ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.