
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ മിക്കവാറും ഇവിടുത്തെ ഭക്ഷണം ട്രൈ ചെയ്യാതെ പോവാറില്ല. ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിക്കുക, സംസ്കാരം അടുത്തറിയുക എന്നത് പോലെ തന്നെ ഇവിടുത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുക എന്ന ലക്ഷ്യം കൂടി പല വിനോദസഞ്ചാരികൾക്കും ഉണ്ടാവാറുണ്ട്. അങ്ങനെ, യാത്രകൾ നടത്തുന്ന ഒരു വിദേശി യുവാവാണ് ഹ്യൂ അബ്രോഡ്.
നിലവിൽ ഇന്ത്യയിലുള്ള ഹ്യൂ തമിഴ്നാട്ടിൽ നിന്നും രുചിച്ച് നോക്കിയ വിവിധ ഭക്ഷണസാധനങ്ങളുടെ രുചികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. മാത്രമല്ല, ഓരോന്നിനും താൻ പത്തിൽ എത്ര മാർക്ക് വീതം നൽകുന്നു എന്നും ഹ്യൂ വ്യക്തമാക്കി.
മഡ് കോഫിയും പച്ചമാങ്ങയും അടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് ഹ്യൂ രുചിച്ച് നോക്കിയത്. അതിൽ മഡ്കോഫിക്ക് ഹ്യൂ നൽകിയത് പത്തിൽ പത്ത് മാർക്കാണ്.
ചെന്നൈയിലെ ബീച്ചിന്റെ അടുത്തുള്ള ഒരു കടയിൽ നിന്നുമാണ് ഇയാൾ മഡ് കോഫി കഴിക്കുന്നത്. ആദ്യമായിട്ടാണ് താൻ മഡ് കോഫി കഴിക്കാൻ പോകുന്നത് എന്നും ഹ്യൂ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. ഒപ്പം മഡ് കോഫി വിൽക്കുന്ന സ്ത്രീയോട് ഇയാൾ സംസാരിക്കുന്നതും കാണാം. മണലിലുണ്ടാക്കുന്ന മഡ് കോഫി ഹ്യൂവിനെ അമ്പരപ്പിച്ചിട്ടുണ്ട്.
എന്തായാലും, മഡ് കോഫിക്ക് പത്തിൽ പത്ത് മാർക്കും ഹ്യൂ നൽകി. 30 രൂപയുടെ മഡ് കോഫിക്ക് 100 രൂപ നൽകുകയും ചെയ്തു.
എന്നാൽ, മസാല പുരട്ടിയ മാങ്ങ വാങ്ങിക്കഴിച്ച ഹ്യൂവിന് അത് അത്ര ഇഷ്ടപ്പെട്ടില്ല എന്നാണ് തോന്നുന്നത്. അയാൾ അത് ടിഷ്യൂ പേപ്പറെടുത്ത് തുപ്പിക്കളയുന്നതും കാണാം. ഇത് അത്ര നല്ലതല്ല എന്നാണ് ഹ്യൂവിന്റെ അഭിപ്രായം. പിന്നീട്, തൊലി കഴിക്കാതെ മാങ്ങ കഴിക്കുകയും ഇത് കുഴപ്പമില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. എങ്കിലും, 7.8 മാർക്ക് ഈ മാങ്ങയ്ക്കും ഹ്യൂ നൽകിയിട്ടുണ്ട്.
അടുത്തതായി ഹ്യൂ കൂന്തൽ മീൻ പൊരിച്ചതാണ് കഴിച്ചു നോക്കുന്നത്. ഒരു പ്ലേറ്റ് 100 രൂപ കൊടുത്താണ് വാങ്ങിയത്. എന്നാൽ, അത് ഹ്യൂവിന് ഇഷ്ടപ്പെട്ടു. അതിനും പത്തിൽ പത്താണ് ഹ്യൂ നൽകിയിരിക്കുന്ന മാർക്ക്.
എന്തായാലും, ഹ്യൂ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. അതിൽ മഡ് കോഫി വിൽക്കുന്ന സ്ത്രീ 30 രൂപയ്ക്ക് പകരം 100 രൂപ നൽകുമ്പോൾ അത് വാങ്ങാൻ വിസമ്മതിക്കുന്നുണ്ട്. അവരുടെ സത്യസന്ധതയെ പലരും അഭിനന്ദിച്ചിരിക്കുന്നതും കമന്റുകളിൽ കാണാം.