തിരക്കേറിയ റോഡ്, മറിഞ്ഞുവീണ് പച്ചക്കറി വണ്ടി, പെട്ടെന്നതാ ഒരാൾ, രണ്ടാൾ, ചറപറാ ആളുകൾ; എന്തുനല്ല വീഡിയോ

Published : Mar 14, 2026, 02:17 PM IST
viral video

Synopsis

മഹാരാഷ്ട്രയിലെ നാസിക്കിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പച്ചക്കറി വണ്ടിക്കാരനെ സഹായിക്കാൻ യാത്രക്കാര്‍ കൂടിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മനുഷ്യത്വം വറ്റാത്ത ആളുകള്‍ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 

തിരക്കേറിയ റോഡിൽ നിയന്ത്രണം വിട്ടു പച്ചക്കറി വണ്ടി മറിഞ്ഞു. വണ്ടിക്കാരന് തുണയായി അപരിചിതരായ യാത്രക്കാർ. നന്മ വറ്റാത്ത മനുഷ്യരുടെ സഹായമനസ്ഥിതി എടുത്തു കാണിക്കുന്ന ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള നവ്ശ്യ ഗണപതി സിഗ്നലിന് സമീപത്ത് നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

റോഡിലെ കുഴിയിൽ വീണ് പച്ചക്കറി വണ്ടി മറിയുകയും സാധനങ്ങൾ റോഡിലാകെ ചിതറിപ്പോകുകയും ചെയ്യുകയായിരുന്നു. ആ സമയത്ത് സിഗ്നൽ ​ഗ്രീൻ ആയിട്ടും വണ്ടിയോടിച്ചു പോകാതെ നിരവധി യാത്രക്കാരാണ് വാഹനം നിർത്തി വണ്ടിക്കാരനെ സഹായിക്കാൻ എത്തിയത്. റോഡിൽ വീണ പച്ചക്കറികൾ ഓരോന്നായി പെറുക്കിയെടുത്ത് അവർ തിരികെ വണ്ടിയിൽ വെച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം.

റോഷൻ എന്ന യൂസർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 'സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ഈ കാലഘട്ടത്തിൽ, മറ്റൊരാളെ സഹായിക്കാൻ മടിക്കാത്ത ഈ മനുഷ്യരുടെ പ്രവൃത്തി ശരിക്കും പ്രചോദനമാണ്' എന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

 

 

സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. 'മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണിത്' എന്ന് ഒരാൾ കുറിച്ചു. 'അത്യധ്വാനം ചെയ്ത് ജീവിക്കുന്ന ഒരാൾക്ക് ഇത്തരം ചെറിയ സഹായങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തൊക്കെ തന്നെ ആയാലും നെ​ഗറ്റീവ് വാർത്തകളും വിദ്വേഷവും വെറുപ്പുമെല്ലാം സോഷ്യൽ മീഡിയാ ഫീഡുകൾ കീഴടക്കുന്ന കാലത്ത് ഇത്തരം കുഞ്ഞു നന്മകളുടെ കാഴ്ചകൾ മറ്റ് മനുഷ്യർക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല എന്നതാണ് സത്യം.

 

PREV
Read more Articles on
click me!

Recommended Stories

ഒരമ്മയുടെ കരുതൽ കണ്ടോ? ബസിൽ വച്ച് അപരിചിതന് മകന്റെ ബിസിനസ് പരിചയപ്പെടുത്തി സ്ത്രീ
ഇൻഡക്ഷൻ കുക്കർ വാങ്ങാൻ വൻ ജനത്തിരക്ക്, 1 ദിവസം വിറ്റത് 93 എണ്ണം, വൈറലായി വീഡിയോ