
സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ രണ്ട് അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ പരസ്പരം ഇടിച്ചും ചവിട്ടിയും പോരാടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഒരു സ്റ്റോറിൽ വെച്ച് നടന്ന ഈ പോരാട്ടം, എൻജിൻ എഐ, യുണിട്രി എന്നീ കമ്പനികളുടെ റോബോട്ടുകൾ തമ്മിലുള്ള ആദ്യത്തെ പരസ്യമായ പോരാട്ടമായാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റി രംഗത്തെ പ്രമുഖനായ സിക്സ് ലിവ് ആണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ പങ്കുവെച്ചത്. ഒരു ഹ്യൂമൻ റെഫറിയുടെ സാന്നിധ്യത്തിൽ, പ്രത്യേകം തയ്യാറാക്കിയ റിംഗിൽ വെച്ച് രണ്ട് റോബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കുന്നതും ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റാഗ്രാമിലും മറ്റും മില്ല്യൺ കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടത്.
റോബോട്ടുകളുടെ പോരാട്ടത്തെക്കുറിച്ച് വൈവിധ്യമാർന്ന അഭിപ്രായങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്: 'ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വയം ചെയ്യുന്നതല്ല, മറിച്ച് മനുഷ്യർ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണ്' എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'നൂറുകണക്കിന് ഇടികളും ചവിട്ടുകളും കൊടുക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കൃത്യമായി ലക്ഷ്യത്തിൽ കൊള്ളുന്നത്' എന്ന് പരിഹസിച്ചവരുമുണ്ട്. 'റോബോട്ടുകളെ അടിക്കാൻ പഠിപ്പിക്കുന്നതിന് പകരം വീട്ടുജോലികൾ ചെയ്യാൻ പഠിപ്പിക്കൂ. പാത്രം കഴുകാനും വസ്ത്രങ്ങൾ അലക്കാനും വീട് വൃത്തിയാക്കാനും കഴിവുള്ള റോബോട്ടുകളെയാണ് നമുക്ക് വേണ്ടത്' എന്ന് മറ്റൊരാൾ കുറിച്ചു.
ചൈനീസ് കമ്പനിയായ യുണിട്രി നിർമ്മിച്ച G1 മോഡൽ കഴിഞ്ഞ വർഷം നടന്ന ലോകത്തിലെ ആദ്യ റോബോട്ട് കോംബാറ്റ് മത്സരത്തിൽ വിജയിച്ചിരുന്നു. ഏകദേശം 16,000 ഡോളർ (ഏകദേശം 13.5 ലക്ഷം രൂപ) വിലയുള്ള ഈ റോബോട്ട് സംഭാഷണങ്ങൾ നടത്താൻ ശേഷിയുള്ളതാണ്.
മറുഭാഗത്ത്, എൻജിൻ കമ്പനിയുടെ T800 എന്ന റോബോട്ടാണ് പോരാട്ടത്തിനിറങ്ങിയത്. 1.73 മീറ്റർ ഉയരവും 75 കിലോഗ്രാം ഭാരവുമുള്ള ഈ റോബോട്ട് മികച്ച ബാലൻസിങ്ങിന് പേരുകേട്ടതാണ്. 25,000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള ഈ റോബോട്ടിന്റെ ആദ്യ പതിപ്പുകൾ 2026 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.