
ഇന്തോനേഷ്യയിലെ ഹൈവേയ്ക്ക് സമീപം മാതാപിതാക്കളില്ലാതെ തനിച്ച് കണ്ടെത്തിയ ഒരു 5 വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഏപ്രിൽ 30 -നാണ് അസ്കിയ നബീല ലിംബോങ് എന്ന പെൺകുട്ടി റോഡരികിൽ തനിയെ നിൽക്കുന്നതായി കണ്ടത്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് നാട്ടുകാർ അവളെ ഉടനെതന്നെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ മർഹബാനെയും റിസ്കിയെയും കണ്ടെത്താനായി സ്റ്റേഷനിൽ നിന്നും പൊലീസ് റെക്കോർഡ് ചെയ്ത് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ ഭയപ്പെടാറാണ് അല്ലേ? എന്നാൽ, അസ്കിയ കൂളായിരുന്നു, ചിൽ ആയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്തും സല്യൂട്ട് അടിച്ചും കുസൃതി കാട്ടുന്ന അസ്കിയയെ സോഷ്യൽ മീഡിയ അങ്ങേറ്റെടുക്കുകയായിരുന്നു.
എന്തായാലും, ഫേസ്ബുക്കിൽ പൊലീസ് പങ്കുവെച്ച വീഡിയോ അസ്കിയയുടെ അമ്മായി കാണാനിടയായി. വിവരമറിഞ്ഞ ഉടൻ അമ്മ റിസ്കി സ്റ്റേഷനിലെത്തി മകളെ തിരികെ കൊണ്ടുപോവുകയും ചെയ്തു.
എന്താണ് സംഭവിച്ചത്?
സ്കൂൾ വിട്ടാൽ മാർക്കറ്റിൽ കൊണ്ടുപോകാമെന്ന് അമ്മ അസ്കിയയ്ക്ക് വാക്ക് കൊടുത്തിരുന്നു. എന്നാൽ, അമ്മ വരുന്നത് വരെ കാത്തുനിൽക്കാനൊന്നും അവൾക്ക് ക്ഷമയുണ്ടായില്ല. അവൾ തനിച്ച് റോഡിലേക്കിറങ്ങി നടക്കുകയായിരുന്നു. അങ്ങനെയാണ് ഒറ്റക്കായിപ്പോയതും പൊലീസ് സ്റ്റേഷൻ വരെയെത്തിയതും. എന്നാൽ, ഈ സംഭവങ്ങളൊന്നും അസ്കിയയെ ബാധിച്ചേയില്ല. പക്ഷേ, ഇതൊരു വലിയ പാഠമാണെന്നും ഇനി മുതൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നുമാണ് സംഭവത്തിന് പിന്നാലെ അവളുടെ മാതാപിതാക്കൾ പറയുന്നത്.
തീർന്നില്ല, സുരക്ഷിതമായി മാതാപിതാക്കളോടൊപ്പമാക്കിയ അസ്കിയയ്ക്ക് പൊലീസ് വക ഒരു സമ്മാനം ഉണ്ടായിരുന്നു- ഒരു പിങ്ക് സൈക്കിൾ. വീഡിയോയ്ക്കും സൈക്കിൾ സമ്മാനമായി നൽകിയതിനും വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇനിയിപ്പോൾ സൈക്കിളിലാകുമോ ഡോറയുടെ പ്രയാണം എന്നുവരെ ആളുകൾ ചോദിക്കുന്നു.