അവധിദിനം എങ്ങനെ ചെലവഴിക്കും? ഇന്ത്യക്കാർക്ക് അമേരിക്കക്കാരിൽ നിന്ന് ഇത് പഠിക്കാം; വൈറലായി പോസ്റ്റ്

Published : Jul 11, 2026, 02:34 PM IST
viral video

Synopsis

അവധി ദിവസങ്ങളെങ്ങനെ കൂടുതല്‍ മികച്ചതാക്കാം. വെറുതെ ഭക്ഷണം കഴിച്ച് ചടഞ്ഞുകൂടിയിരുന്നാല്‍ മതിയോ? ഇന്ത്യയും അമേരിക്കയും തമ്മില്‍ താരതമ്യം ചെയ്ത് യുവതി. 

ആഴ്ചയിൽ ഒരു അവധി ദിവസം കിട്ടിയാൽ നിങ്ങളെന്ത് ചെയ്യും? ഓ, പ്രത്യേകിച്ച് എന്ത് ചെയ്യാനാ? വീട്ടിൽ പിടിപ്പത് പണിയുണ്ട് എന്നാണോ? അതോ ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കഴിച്ച് ചടഞ്ഞുകൂടിയിരിക്കുകയാണോ? ഇക്കാര്യത്തിൽ അമേരിക്കക്കാരിൽ നിന്നും ഇന്ത്യക്കാരായ നമുക്ക് കുറച്ച് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നാണ് കണ്ടന്റ് ക്രിയേറ്ററായ പാലക് വാഹി പറയുന്നത്. ന്യൂയോർക്കിലെ ലേക്ക് പ്ലാസിഡ് എന്ന ചെറിയ നഗരത്തിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ ചില നിരീക്ഷണങ്ങളാണ് അവർ പങ്കുവച്ചത്. 'ഇന്ത്യക്കാർക്ക് അമേരിക്കക്കാരിൽ നിന്ന് ഇത് പഠിക്കാം' എന്ന ക്യാപ്ഷനോടെയാണ് പാലക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഇന്ത്യയിൽ ഒരു അവധിദിവസം വന്നാൽ നമ്മൾ സാധാരണയായി ചോലെ ബട്ടൂരെ, പാവ് ഭാജി തുടങ്ങിയ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണങ്ങൾ കഴിച്ച് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഞാൻ കാണുന്നത് നേരെ വിപരീതമായ കാര്യങ്ങളാണ്. ആളുകൾ രാവിലെ തന്നെ ഓടാനും നീന്താനും സൈക്കിൾ ചവിട്ടാനും ഹൈക്കിംഗിനുമൊക്കെയായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവധിദിനങ്ങൾ ആസ്വദിക്കുന്നതിലോ വൈകി എഴുന്നേൽക്കുന്നതിലോ തെറ്റൊന്നുമില്ല. എങ്കിലും, ഇവിടുത്തെ ആളുകളുടെ ജീവിതചര്യയുടെ ഭാഗമായി കായികാധ്വാനം മാറിയിരിക്കുന്നത് കാണാൻ വളരെ കൗതുകകരമാണ്. അതുകൊണ്ടാണ് ബാക്കി കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ രാവിലെ അവർക്കിതിന് സമയം കണ്ടെത്താൻ കഴിയുന്നത്' എന്നാണ് പോസ്റ്റിൽ പറയുന്നത്.

നമ്മുടെ സുഹൃത്തുക്കൾ അവധിദിനങ്ങളിൽ ലോങ് റണ്ണുകൾ പ്ലാൻ ചെയ്യുന്നതും ഇപ്പോൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അടുത്ത തവണ അവധിക്ക് ഒരു 20 മിനിറ്റെങ്കിലും കായികാധ്വാനത്തിനായി മാറ്റിവെക്കാൻ ശ്രമിക്കണമെന്നും പാലക് പറയുന്നു. പല്ല് തേക്കുന്നതും കുളിക്കുന്നതും പോലെ വ്യായാമവും ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും, തുടക്കത്തിൽ 15-20 മിനിറ്റ് ചെറിയ ലക്ഷ്യങ്ങൾ വെച്ച് ഇത് ശീലമാക്കാമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അവർ പറഞ്ഞു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. വ്യായാമം വളരെ നല്ല കാര്യമാണ് എന്നും എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങൾ പ്രത്യേകിച്ചും കാലാവസ്ഥ ഒരു വെല്ലുവിളിയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, പാലക് വീഡിയോ എടുത്ത ലേക്ക് പ്ലാസിഡിൽ വരാനിരിക്കുന്ന 'അയൺമാൻ' മത്സരത്തിനായി പലരും തയ്യാറെടുക്കുന്നതാകാം ഇതെന്നും, എങ്കിലും കുട്ടികൾ മുതൽ പ്രായമായവർ വരെ കായികാധ്വാനം ഒരു ജീവിതശൈലിയാക്കി മാറ്റിയത് പ്രചോദനകരമാണെന്നും മറ്റൊരാൾ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജോലിക്ക് മുമ്പ് വെറുതെ റീലും കണ്ട് സമയം കളയണോ? ദിവസം പൊസിറ്റീവാക്കാം; വൈറലായി വീഡിയോ
56 -ാം വയസ്സിൽ ബിരുദാനന്തരബിരുദം നേടി അമ്മ, അച്ഛൻ മരിച്ച ശേഷം ഞങ്ങൾക്കായി ജീവിച്ച സ്ത്രീയെന്ന് മകൾ