
10 വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനെടുത്ത തന്റെ തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ സംരംഭകന്റെ പോസ്റ്റ്. ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്നതിനെ കുറിച്ചാണ് പോസ്റ്റിൽ വിവരിക്കുന്നത്. ArcAligned എന്ന കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അനിരുദ്ധ അഞ്ജനയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. അമേരിക്കയിൽ നിന്നും മടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് പോസ്റ്റ്. 'യുഎസ് വിട്ടതിന് ശേഷമുള്ള 2 വർഷത്തെ ലൈഫ് അപ്‌ഡേറ്റ്' എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷനിൽ പറയുന്നത്. 'ഒരു എച്ച്1ബി വിസയ്ക്ക് പിന്നാലെയാണ് താൻ ജീവിതത്തിലെ 10 മികച്ച വർഷങ്ങൾ യുഎസിൽ ചെലവഴിച്ചത്. കുടിയേറ്റക്കാർക്ക് 'അമേരിക്കൻ സ്വപ്നം' എന്നത് അങ്ങനെയൊന്നുമല്ലെന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രമായിരുന്നു അത്' എന്ന് അനിരുദ്ധ പറയുന്നു.
'അടിസ്ഥാനപരമായി ഞങ്ങൾ സ്കിൽഡായിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് മാത്രമാണ് യുഎസ്സിൽ, അവരെ മെച്ചപ്പെടുത്താൻ യുഎസ് നമ്മെ ഉപയോഗിക്കുകയാണ്. എന്നെങ്കിലും ഒരു ദിവസം, ഒരു യുഎസ് പൗരനായിരിക്കുമെന്നും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നമുക്ക് ലഭിക്കുമെന്ന് നമ്മൾ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു' എന്നാണ് അനിരുദ്ധ എഴുതുന്നത്. അതിനുകൊടുക്കേണ്ടുന്ന വിലയെ കുറിച്ചും അനിരുദ്ധ പോസ്റ്റിൽ ചോദിക്കുന്നു.
എന്നാൽ, ഈ ഓട്ടപ്പന്തയത്തിൽ നിന്നും മാറി ഇന്ത്യയിലേക്ക് വരാൻ താൻ ഒരു ദിവസം തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ജീവിതത്തിൽ താൻ കൂടുതൽ തൃപ്തനാണ്. ഇന്ത്യയിലെ തന്റെ വീട്ടിലിരുന്ന് യുഎസ് ബിസിനസ്സ് നടത്താൻ തനിക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലേക്ക് ഓരോ 3 മാസത്തിലും യാത്ര ചെയ്യുന്നു. എന്റെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നു. അവർ അവരുടെ പേരക്കുട്ടിയോടൊപ്പവും ഏറ്റവും മികച്ച സമയം ആസ്വദിക്കുന്നു എന്നും അനിരുദ്ധ കുറിച്ചു. ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം ഇന്ത്യയിലേക്ക് തിരികെ വന്നതിനെ മികച്ച തീരുമാനമായിട്ടാണ് അനിരുദ്ധ പറയുന്നത്.