11 ലക്ഷം രൂപ വാർഷിക വരുമാനമുള്ള 28 വയസ്സുകാരിക്ക് വേണ്ടത് ഒരു കോടി രൂപയിലധികം ശമ്പളമുള്ള വരനെ. അവസാനം മാച്ച് മേക്കിംഗ് സർവീസ് അവരെ ബാന്‍ ചെയ്തു. 'ദി ഡേറ്റ് ക്രൂ' എന്ന സ്ഥാപനത്തിൻ്റെ ഉടമ ഓന്ദ്രില കപൂറാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്. 

വിവാഹ മാർക്കറ്റിൽ ദിനംപ്രതി ട്രെൻഡ് മാറിക്കൊണ്ടിരിക്കയാണ്. അതുപോലെ തന്നെ ഡിമാൻഡുകളും വർധിച്ചു വരികയാണ്. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 11 ലക്ഷം രൂപ വാർഷിക വരുമാനമുള്ള 28 വയസ്സുകാരിയായ യുവതി, തനിക്ക് 1 കോടി രൂപയിലധികം ശമ്പളമുള്ള വരനെ വേണമെന്ന് വാശിപിടിച്ചത്രെ. തുടർന്ന് മാച്ച് മേക്കിംഗ് സർവീസ് അവരെയങ്ങ് ബാൻ ചെയ്തു എന്നാണ് പറയുന്നത്.

'ദി ഡേറ്റ് ക്രൂ' എന്ന മാച്ച് മേക്കിംഗ് സർവീസിന്റെ സ്ഥാപക ഓന്ദ്രില കപൂർ ആണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ചത്. ആഴ്ചകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് യുവതിയെയും കുടുംബത്തെയും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും വിലക്കാൻ ഓന്ദ്രില തീരുമാനിച്ചത് എന്നാണ് പറയുന്നത്. 25 ലക്ഷം മുതൽ 50 ലക്ഷം വരെ വരുമാനമുള്ള യുവാക്കളിൽ നിന്നും മികച്ച ആലോചനകൾ വന്നെങ്കിലും അതൊന്നുമങ്ങോട്ട് വൈബ് ശരിയാകുന്നില്ല എന്ന് പറഞ്ഞ് യുവതിയും കുടുംബവും നിരസിക്കുകയായിരുന്നു.

പിന്നീട് അവർക്ക് താല്പര്യമുള്ള പ്രൊഫൈലുകൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് മാച്ച് മേക്കിംഗ് ടീം ഞെട്ടിയത്. അവർ തിരഞ്ഞെടുത്ത 15-20 പ്രൊഫൈലുകളിലെ പുരുഷന്മാരെല്ലാം ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരും 1 കോടി രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവരുമായിരുന്നു. 11 ലക്ഷം രൂപ മാത്രം വരുമാനമുള്ള യുവതിയുടെ പ്രൊഫൈലിൽ 1 കോടി രൂപ വരുമാനമുള്ള പുരുഷന്മാരാരും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

View post on Instagram

'നിങ്ങൾക്ക് മുൻഗണനകൾ ആകാം, പക്ഷേ അത് വെറും മതിഭ്രമം ആകരുത്' എന്നാണ് ഓന്ദ്രില വീഡിയോയിൽ കുറിച്ചത്. ഇതൊരു വിവാഹാലോചനയല്ല, മറിച്ച് ഒരു മരുമകനെ വാങ്ങാനുള്ള ഷോപ്പിംഗ് ലിസ്റ്റ് പോലെയാണ് തോന്നുന്നതെന്നാണ് ഓന്ദ്രില പറഞ്ഞത്. ഉയർന്ന ശമ്പളമുള്ള പുരുഷന്മാർക്ക് ഇത്തരം അഹന്ത പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലരും വിവാഹാലോചനയുമായി വന്ന യുവതിയെയും കുടുംബത്തെയും വിമർശിച്ചു.