
കുറച്ച് വർഷങ്ങൾ ജോലി ചെയ്ത് പണം സമ്പാദിച്ച ശേഷം നാട്ടിലേക്ക് മടങ്ങാം ഇങ്ങനെ പറഞ്ഞാണ് ഭൂരിഭാഗം ആളുകളും വിദേശത്ത് പോകുന്നത്. എന്നാൽ, അങ്ങനെയൊരു ലക്ഷ്യത്തോടെ എത്തുന്ന പലരും പിന്നീട് തിരിച്ചുവരാൻ മടിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനെ കുറിച്ച് പറയുകയാണ് അമേരിക്കയിൽ താമസിക്കുന്ന ഗൗരവ് മഖ്‌ലോഗ എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗൗരവ് തൻ്റെ അനുഭവം തുറന്നുപറഞ്ഞത്. അമേരിക്കയിലെത്തുന്നതിന് മുമ്പ് തനിക്കും സമാനമായ ചിന്താഗതിയായിരുന്നുവെന്ന് ഗൗരവ് പറയുന്നു. 'അമേരിക്കയിലേക്ക് പോകും മുമ്പ് 2-4 വർഷം കൊണ്ട് നല്ല രീതിയിൽ പണം ഉണ്ടാക്കി നാട്ടിലേക്ക് മടങ്ങിപ്പോയി സന്തോഷത്തോടെ ജീവിക്കണം എന്നായിരുന്നു എന്റെയും വിചാരം. എന്നാൽ ഇവിടെയെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു' ഗൗരവ് പറയുന്നു.
താൻ താമസിക്കുന്ന പ്രദേശത്തെ പച്ചപ്പും ശാന്തമായ അന്തരീക്ഷവും വീഡിയോയിലൂടെ കാണിച്ചാണ് ഗൗരവ് സംസാരിക്കുന്നത്. വൈകുന്നേരങ്ങളിൽ പോലും ആളുകളുടെ തിരക്കോ ശബ്ദകോലാഹലങ്ങളോ ഇല്ലാത്ത ശാന്തമായ അന്തരീക്ഷമാണ് അവിടെയുള്ളത്. 'ഇത്രയും ശാന്തവും മനോഹരവുമായ അന്തരീക്ഷം ഉപേക്ഷിച്ച് മടങ്ങാൻ ആർക്കെങ്കിലും തോന്നുമായിരിക്കുമോ?' എന്നാണ് ഗൗരവ് ചോദിക്കുന്നത്. എങ്കിലും സ്വന്തം നാടും വീടും പോലെ ആകില്ല മറ്റൊരു സ്ഥലവും എന്നും ഗൗരവ് കൂട്ടിച്ചേർത്തു.
ശാന്തമായ അന്തരീക്ഷത്തിന് പുറമെ മികച്ച തൊഴിലവസരങ്ങൾ, ആധുനിക സൗകര്യങ്ങൾ, സൗകര്യപ്രദമായ ജീവിതശൈലി എന്നിവയാണ് ആളുകളെ അവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്നും ഗൗരവ് പറയുന്നു. 'ധാരാളം അവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഈ സ്ഥലം ഉപേക്ഷിച്ചുപോകാൻ ആളുകൾക്ക് തോന്നാറില്ല. ചുറ്റും നോക്കൂ, എവിടെയും പച്ചപ്പ് മാത്രമാണ് കാണാൻ സാധിക്കുന്നത്' എന്നും ഗൗരവ് പറയുന്നു. 'ജീവിതം നമുക്ക് നൽകുന്നത് തിരഞ്ഞെടുപ്പുകളാണ്, നമ്മൾ എന്ത് തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം' എന്ന അടിക്കുറിപ്പോടെയാണ് ഗൗരവ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഗൗരവ് പറഞ്ഞത് സത്യമാണ് എന്നും എങ്കിലും സ്വന്തം നാട് പോലെയാകില്ല മറ്റൊരിടമെന്നുമാണ് മിക്കവരും കമന്റ് നൽകിയത്.