
ഫൈവ് സ്റ്റാർ ചൈനീസ് ഫുഡിന് വലിയ വില നൽകണോ? ചൈനയിൽ പാറ്റയും മറ്റ് ജീവികളുമൊക്കെയാണോ ഭക്ഷണമായി കിട്ടുക? അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്നാണ് ചൈനയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥിനി പറയുന്നത്. സർവകലാശാലയിലെ കാന്റീനിലുള്ള ഭക്ഷണത്തിന്റെ വിലയെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും അവൾ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പെൺകുട്ടി പഠിക്കുന്ന യൂണിവേഴ്സിറ്റി കാന്റീൻ ടൂറാണ് വീഡിയോയിൽ കാണുന്നത്. വിവിധങ്ങളായ ഭക്ഷണം താങ്ങാനാവുന്ന വിലയ്ക്കാണ് ഇവിടെ നൽകുന്നത് എന്നാണ് അവൾ പറയുന്നത്. 'ചൈനീസ് ഗവൺമെന്റ് യൂണിവേഴ്സിറ്റി കാന്റീൻ' എന്ന ടൈറ്റിലോട് കൂടിയാണ് ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായ കോമൾ നിഗം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ചൈനീസ് ഭക്ഷണത്തിൽ പ്രധാനമായും പ്രാണികളും മറ്റ് ജീവികളും ഒക്കെയാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, യാഥാർത്ഥ്യം അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നാണ് കോമൾ പറയുന്നത്. തുടർന്ന് അവർ തന്റെ മൂന്ന് നിലകളുള്ള യൂണിവേഴ്സിറ്റി കാന്റീൻ വീഡിയോയിൽ കാണിക്കുന്നു. ഓരോ നിലയിലും എന്താണ് കിട്ടുക എന്നും വീഡിയോയിൽ വിശദീകരിക്കുന്നത് കാണാം. കൂടാതെ ഏത് ഫൈവ്-സ്റ്റാർ മെനുവിലും ഉണ്ടായിരിക്കാൻ തക്ക രുചികരമായ വിഭവങ്ങൾ ഇവിടെയുണ്ട് എന്നും കാന്റീന്‍ കെട്ടിടത്തിനുള്ളിൽ ഒരു റെസ്റ്റോറന്റ് ഉണ്ടെന്നും വിലയേറിയ ഭക്ഷണം ഇവിടെ കിട്ടുമെന്നും കോമൾ പറഞ്ഞു.
വീഡിയോയുടെ അവസാനം, അവൾ കഴിക്കുന്ന ഭക്ഷണസാധനങ്ങൾ കാണിക്കുകയും വെറും 250 രൂപ മാത്രമേ അതിനായുള്ളൂ എന്നും പറയുന്നത് കാണാം. കാന്റീനിൽ ചായയും ചില പാനീയങ്ങളുമെല്ലാം വിദ്യാർത്ഥികൾക്ക് സൗജന്യമായി കിട്ടുമെന്നും കോമൾ വിശദീകരിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ചിലരെല്ലാം കോമൾ പറഞ്ഞത് ശരിയാണോ എന്നൊക്കെ ചോദിച്ചപ്പോൾ മറ്റ് ചിലർ പറഞ്ഞത്, തങ്ങൾക്ക് വളരെ വ്യത്യസ്തമായ അനുഭവമാണ് ചൈനയിൽ വന്നപ്പോഴുണ്ടായത്, നല്ല വില നൽകേണ്ടി വന്നു എന്നാണ്.