സിമോണിന് ദയാവധം, ഇനിയും നരകിക്കുന്നത് കാണാന്‍ വയ്യ, പിരിയുന്നതോര്‍ത്ത് കരഞ്ഞുകരഞ്ഞു തളര്‍ന്നു; വീഡിയോയുമായി യുവതി

Published : Jul 25, 2026, 04:43 PM IST
Isabel Klee

Synopsis

വൈകുന്നത് സിമോണിന് വേദന നിറഞ്ഞതും ഭയാനകവുമായ മരണത്തിന് കാരണമാകുമോ എന്ന് താൻ ഭയപ്പെടുന്നുവെന്ന് ഇസബെൽ പറഞ്ഞു. അവന്റെ ബാക്കിയുള്ള ദിനങ്ങൾ ആഘോഷങ്ങൾ നിറഞ്ഞതും അവന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതുമായിരിക്കുമെന്നും അവർ വ്യക്തമാക്കി.

തന്റെ പ്രിയപ്പെട്ട വളർത്തുനായ സിമോണിന് ക്യാൻസർ സ്ഥിരീകരിച്ച് രണ്ട് മാസത്തിന് ശേഷം അവനെ ദയാവധം ചെയ്യാൻ തീരുമാനിച്ചതായി കണ്ടന്റ് ക്രിയേറ്റർ ഇസബെൽ ക്ലീ. നായകളുടെ റിഹാബിലിറ്റേഷനെ കുറിച്ചും പരിചരണത്തെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുള്ളയാളാണ് ഇസബെൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ @SimonSits -ലൂടെ ജൂലൈ 22 -നാണ് ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരി കൂടിയായ ഇസബെൽ ഈ സങ്കടവാർത്ത പങ്കുവെച്ചത്.

'ഈ വീഡിയോ ചെയ്യാൻ വേണ്ടിയാണ് ഞാൻ കരച്ചിലടക്കിയത്. രാവിലെ മുഴുവൻ സംസാരിക്കാനോ ശ്വാസമെടുക്കാനോ പോലും കഴിയാത്തവിധം ഞാൻ കരയുകയായിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ ആരംഭിച്ചത്. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിൽ ഏറെ പ്രശസ്തനായ തന്റെ സിമോണിനോട് വിടപറയാനുള്ള ഏറ്റവും കഠിനമായ തീരുമാനം താൻ എടുത്തതായി ഇസബെൽ വ്യക്തമാക്കി.

മേയ് മാസത്തിലാണ് സിമോണിന് ക്യാൻസറാണെന്ന് ഇസബെൽ അറിയിച്ചത്. ഇതിനുമുമ്പ് ഫിറ്റ്സ് വന്നതിനെത്തുടർന്ന് സിമോൺ കുറച്ചുദിവസം ഐ.സി.യുവിൽ ആയിരുന്നു. കഴിഞ്ഞ നവംബറിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് സിമോണിന്റെ കരളിൽ ഒരു മുഴ കണ്ടെത്തുന്നത്. പിന്നീട് നടത്തിയ പരിശോധനകളിൽ ഈ മുഴ വളരുകയാണെന്നും അത് ക്യാൻസറാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. സിമോണിന് 8-10 മാസം വരെ മാത്രമേ ആയുസ്സുള്ളൂ എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്.

'അവന്റെ കരളിലെ മുഴ അവന് നേരത്തെയുള്ള അപസ്മാരത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കൂടി ഞങ്ങൾ കണക്കിലെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സിമോണിന്റെ ആരോഗ്യം വളരെ പെട്ടെന്നാണ് വഷളായത്. നൽകുന്ന ഉയർന്ന അളവിലുള്ള മരുന്നുകൾ കാരണം അവന് നടക്കാൻ പോലും ബുദ്ധിമുട്ടാണ്' ഇസബെൽ പറഞ്ഞു.

ഇനിയും വൈകിക്കുന്നത് നായയുടെ ജീവിതാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നും, പണ്ടത്തെപ്പോലെ അവൻ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നിട്ട് കാര്യമില്ലെന്നും അവസ്ഥ കൂടുതൽ സങ്കീർണ്ണമാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. സിമോണിന്റെ വെറ്ററിനറി ഡോക്ടറും അവന് വിടപറയാനുള്ള സമയമായി എന്ന് അഭിപ്രായപ്പെട്ടിരുന്നു. വൈകുന്നത് സിമോണിന് വേദന നിറഞ്ഞതും ഭയാനകവുമായ മരണത്തിന് കാരണമാകുമോ എന്ന് താൻ ഭയപ്പെടുന്നുവെന്ന് ഇസബെൽ പറഞ്ഞു. അവന്റെ ബാക്കിയുള്ള ദിനങ്ങൾ ആഘോഷങ്ങൾ നിറഞ്ഞതും അവന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതുമായിരിക്കുമെന്നും അവർ വ്യക്തമാക്കി.

 

 

'അവന്റെ അമ്മയാകാൻ സാധിച്ചതിലും, അവൻ എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് ലോകത്തിന് കാട്ടിക്കൊടുക്കാൻ കഴിഞ്ഞതിലും ഞാൻ കൃതാർത്ഥയാണ്' എന്നും ഇസബെൽ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ആശ്വാസവാക്കുകളുമായി എത്തിയത്. 'വളർത്തുനായയെ നഷ്ടപ്പെടുന്നത് കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെടുന്നതിന് തുല്യമാണ്. അവസാന നിമിഷങ്ങളിൽ ഇങ്ങനെയൊരു തീരുമാനമെടുക്കുക എന്നത് ഏതൊരു ഉടമയ്ക്കും ഏറ്റവും കഠിനമായ കാര്യമാണ്', 'ഒരു അമ്മ കരയുമ്പോൾ ഞങ്ങൾ എല്ലാവരും കരയുന്നു, സങ്കടം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

അച്ഛൻ ബിജെപി മന്ത്രി, മകൾ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് സമരവേദിയിൽ; വീഡിയോ വൈറൽ
'എനിക്ക് പോകണം, അറസ്റ്റ് ചെയ്യുന്നെങ്കിൽ അറസ്റ്റ് ചെയ്യൂ?'; ആശുപത്രിയിൽ സോനം വാങ്ചുക്കിന്‍റെ പ്രതിഷേധം, വീഡിയോ വൈറൽ