
എത്ര വളർന്നു കഴിഞ്ഞാലും അച്ഛനമ്മമാർക്ക് തങ്ങളുടെ മക്കൾ കൊച്ചുകുട്ടികൾ തന്നെ ആയിരിക്കും. അതുകൊണ്ടാണ് ജോലി സ്ഥലത്ത് നിന്നോ, അല്ലെങ്കിൽ സ്വന്തമായി വീടെടുത്ത് മാറിത്താമസിക്കുമ്പോഴോ ഒക്കെ അവർ വരുമ്പോൾ ഏറെ ആവേശത്തോടെ അച്ഛനമ്മമാർ മക്കളെ കാത്ത് നിൽക്കുന്നതും അവർക്കിഷ്ടപ്പെട്ടതെല്ലാം ഒരുക്കിവയ്ക്കുന്നതും. ആ സ്നേഹത്തിനും കരുതലിനും പകരം വയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല എന്ന് ചില അനുഭവങ്ങൾ നമ്മെ പഠിപ്പിക്കാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഉള്ളം കവരുന്നത്. ജ്യോത്സന യാദവ് എന്ന യുവതിയാണ് ഈ മനോഹര വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
രാത്രി വൈകി ഒരുമണിക്ക് ട്രെയിനിൽ വന്നിറങ്ങുന്ന ജ്യോത്സനയെ കൂട്ടാൻ അവളുടെ അച്ഛൻ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'പ്രായമെത്രയായി എന്നതിൽ കാര്യമില്ല, ഇപ്പോഴും അച്ഛന്റെ കുഞ്ഞുമോൾ തന്നെ' എന്ന് പറഞ്ഞാണ് അവൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. രാത്രി ഒരു മണിയായി എന്നിട്ടും പപ്പ തന്നെ കൂട്ടാൻ വേണ്ടി എത്തിയിരിക്കുന്നു എന്ന് വീഡിയോയ്ക്ക് മുകളിൽ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ ജ്യോത്സന വണ്ടിയിൽ നിന്നും ഇറങ്ങാൻ പോകുമ്പോൾ അച്ഛൻ വാതിലിനടുത്തേക്ക് വരുന്നത് കാണാം. പിന്നാലെ വണ്ടിയിൽ നിന്നും അവളുടെ ലഗേജ് താഴേക്ക് എടുക്കുന്നതും കാണാം. അതിമനോഹരമായ ചിരിയോടെയാണ് അച്ഛൻ അവളെ കാത്തിരിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. 'അതാണ് ഒരു അച്ഛന്റെ സ്നേഹം, നിങ്ങൾ ഭാഗ്യം ചെയ്തവളാണ്, ഓരോ അച്ഛനും ഇങ്ങനെ തന്നെയാണ് മക്കൾ എത്ര തന്നെ വളർന്നാലും' തുടങ്ങിയ കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് നൽകുന്നത്.