
ആരും കൊതിക്കുന്ന ഒരു യാത്ര നടത്തിയതിന്റെ നിർവൃതിയിലാണ് ഗുജറാത്തിലെ ഒരു കുടുംബം. 73 വർഷം പഴക്കമുള്ള തങ്ങളുടെ കുടുംബസ്വത്തായ പ്രിയപ്പെട്ട കാറിൽ കുടുംബത്തിലെ മൂന്നു തലമുറകളിൽ പെട്ടവർ ചേർന്ന് നടത്തിയ ഒരു അവിസ്മരണീയമായ യാത്രയുടെ കഥയാണിത്. 1950 -ൽ നിർമ്മിച്ച ഇംഗ്ലീഷ് നിർമ്മിത വിൻ്റേജ് കാറിൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് യാത്രചെയ്തത് ഗുജറാത്തിലെ താക്കൂർ കുടുംബം ആണ്.
കുടുംബത്തിലെ വിശ്വസ്ത അംഗമായി താക്കൂർ കുടുംബാംഗങ്ങൾ കാണുന്ന അവരുടെ പ്രിയപ്പെട്ട ചുവന്ന നിറമുള്ള MG YT കാറിലായിരുന്നു ഈ അവിസ്മരണീയമായ യാത്ര. ലാൽ പാരി അഥവാ റെഡ് എയ്ഞ്ചൽ എന്നാണ് ഈ കാറിന് ഇവർ നൽകിയിരിക്കുന്ന പേര്. 76 ദിവസങ്ങൾ കൊണ്ടാണ് ഗുജറാത്തിൽ നിന്ന് ലണ്ടനിലേക്ക് റോഡ് മാർഗ്ഗം ഇവർ എത്തിയത്. 13,500 കിലോമീറ്ററിലധികം നീണ്ട സഞ്ചാരപാതയിൽ 16 രാജ്യങ്ങൾ ഇവർ പിന്നിട്ടു. 75 -കാരനായ ദേവൽ താക്കൂർ, അദ്ദേഹത്തിൻറെ മകൻ ദമൻ താക്കൂർ, കൊച്ചുമകൾ 21 -കാരിയായ ദേവാൻഷി താക്കൂർ എന്നിവർ ചേർന്നാണ് ഈ അഭിമാനയാത്ര നടത്തിയത്.
2023 ഓഗസ്റ്റ് 12 -നാണ് താക്കൂർ കുടുംബം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് യാത്ര ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 15 -ന് അവർ മുംബൈയിൽ നിന്നും ദുബായിലേക്ക് സഞ്ചരിച്ചത് കടൽ മാർഗ്ഗമാണ്. ഓഗസ്റ്റ് 28 -നാണ് ഇവർ ദുബായിലെത്തിയത്. ദുബായിൽ നിന്നാണ് കാർ ഇറാനിലേക്ക് കയറ്റി അയച്ചത്. ഇറാനിൽ നിന്ന്, അവർ അസർബൈജാൻ, അൽബേനിയ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബർ 26 -ന് യുകെയിൽ എത്തി.
ഇവരുടെ യാത്ര കഴിഞ്ഞ വർഷം അവസാനിച്ചെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ യാത്രാവിശേഷങ്ങൾ ഇവർ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ യാത്ര വൈറലായത്. ഇവർ പങ്കുവെച്ച വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. രണ്ടുവർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു ഈ അവിസ്മരണീയമായ യാത്ര താക്കൂർ കുടുംബം നടത്തിയത്.