
കൊലയാളി തിമിംഗലങ്ങൾ ചേർന്ന് ഒരു വെള്ള സ്രാവിനെ വേട്ടയാടി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയിൽ ചിത്രീകരിച്ച ഈ ഡ്രോൺ വീഡിയോയിൽ അഞ്ച് കൊലയാളി തിമിംഗലങ്ങൾ വട്ടമിട്ട് ആക്രമിച്ചാണ് ഒരു വെള്ള സ്രാവിനെ കൊലപ്പെടുത്തുന്നത്.
2022 ഒക്ടോബറിൽ, ദി ഇക്കോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലായ ഇക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ ഭാഗമായാണ് ശാസ്ത്രജ്ഞർ ഈ വീഡിയോ പുറത്തുവിട്ടത്. ഏറ്റവും വലിയ ഇരപിടിയന്മാരായി അറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങൾ വലിയ വെളുത്ത സ്രാവുകളെ വേട്ടയാടുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ വീഡിയോ പുറത്തുവിട്ടത്. ലോക ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വേട്ടയാടലിന്റെ ഡ്രോൺ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്.
ഒരു മണിക്കൂറോളം നീണ്ട അന്വേഷണത്തിൽ ആണ് ഇത്തരത്തിൽ ഒരു രംഗം ചിത്രീകരിക്കാൻ സാധിച്ചത്. ഹെലികോപ്റ്ററിൽ ഇരുന്നുകൊണ്ട് ഈ തിമിംഗലങ്ങളെ നിരീക്ഷിച്ചു കൊണ്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. അഞ്ച് കൊലയാളി തിമിംഗലങ്ങൾ സംഘമായി ഒരു വെള്ള സ്രാവിനെ പിന്തുടരുന്നതും ഒടുവിൽ അതിനെ വലയം ചെയ്ത് ആക്രമിച്ച് കീഴ്‌പ്പെടുത്തി കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
തിമിംഗലങ്ങൾ വലയം ചെയ്തപ്പോൾ വെള്ള സ്രാവ് ആ വലയം ഭേദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു പകരം നിശ്ചലനായി കിടന്ന് ജീവനില്ലാത്തതുപോലെ അഭിനയിച്ച് തിമിംഗലങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വീഡിയോ കണ്ട ഗവേഷകർ വിലയിരുത്തി. കടലാമകളും മറ്റും ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ സ്വീകരിക്കുന്ന മാർഗ്ഗമാണിത്. എന്നാൽ കൊലയാളി തിമിംഗലങ്ങൾ വളരെ ബുദ്ധിശക്തിയുള്ളതും സാമൂഹിക ജീവികൾ ആയതിനാൽ തന്നെ ആ കബളിപ്പിക്കൽ വിജയം കാണുന്നില്ല എന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. സൈമൺ എൽവെൻ പറയുന്നു. കൊലയാളി തിമിംഗലങ്ങളുടെ സംഘം ചേർന്നുള്ള വേട്ടയാടൽ രീതിയാണ് ഇവയെ ഇത്രമാത്രം ശക്തരായ വേട്ടക്കാരാക്കി മാറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.