
രാജസ്ഥാനി(Rajasthan)ലെ ജയ്പൂരിൽ ജനവാസകേന്ദ്രത്തിൽ വീടുകൾക്കരികെ പുള്ളിപ്പുലി(Leopard)യെ കണ്ടെത്തി. തീര്‍ന്നില്ല, ഇത് വീടിന്‍റെ ടെറസുകളില്‍ വരെയും എത്തി. വിവിധ വീടുകളുടെ ടെറസിലൂടെ നടക്കുന്ന പുള്ളിപ്പുലിയെ ദൃശ്യങ്ങളില്‍ കാണാം. റിപ്പോർട്ടുകൾ പ്രകാരം, പുള്ളിപ്പുലി സങ്കേതമായ ജലാനയിൽ നിന്ന് മാളവ്യ നഗറിലെ ഒരു കോളനിയിലേക്ക് പുള്ളിപ്പുലി വഴിതെറ്റി വന്നതാണ് എന്നാണ് കരുതുന്നത്.
ഒരു വീഡിയോയിൽ, നിലവിളികൾക്കും ഉയർന്ന, പരിഭ്രാന്തി നിറഞ്ഞ ശബ്ദങ്ങൾക്കുമിടയിൽ, ഒരു കാഴ്ചക്കാരൻ ടെറസിൽ നിൽക്കുന്ന ഒരാളോട് "ഭായിസാബ്, നീച്ചേ ഉതർ ജാവോ (ദയവായി ഇറങ്ങൂ)" എന്ന് മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. സംഭവം നടന്നത് 2021 ഡിസംബർ 19 -ന് ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനും രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് എന്നും പറയുന്നുണ്ട്. ഏതായാലും രക്ഷാപ്രവർത്തനത്തിന് ശേഷം പുള്ളിപ്പുലിയെ സുരക്ഷിതമായി പുറത്ത് കടത്തി.
ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും പുലിയെ ശാന്തമാക്കിയ ശേഷം കൂട്ടിൽ അടച്ച് പ്രദേശത്ത് നിന്ന് മാറ്റുകയും ചെയ്തു എന്നാണ്. പരിശ്രമം മൂന്ന് മണിക്കൂർ നീണ്ടുനിന്നു, താമസക്കാർ ആ സമയങ്ങളിലെല്ലാം അവരുടെ വീടുകൾ ഉള്ളില്‍ നിന്നും പൂട്ടി അകത്തിരിക്കുകയായിരുന്നു. മറ്റൊരു വീഡിയോയില്‍ പുലി മതില്‍ ചാടിക്കടക്കുകയും ഒരു മരത്തിന് പിന്നിലേക്ക് മറയുകയും ചെയ്യുന്നത് കാണാം.