
കഴിഞ്ഞയാഴ്ച ഇന്തോനേഷ്യൻ(Indonesian) സോഷ്യൽ മീഡിയയിൽ പ്രചരിച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ എല്ലാവരിലും ചിരി പടർത്തുകയുണ്ടായി. പച്ച ജാക്കറ്റ് ധരിച്ച ഒരാളെ വീഡിയോയിൽ കാണാം. ഇയാൾ പൊലീസിനോട് താൻ പറ്റിക്കപ്പെട്ടതിന്റെ കഥ പറയുന്നതാണ് വീഡിയോയിൽ. കഞ്ചാവ്(weed) ഓർഡർ ചെയ്തപ്പോൾ പകരം കിട്ടിയത് സെലറി(Celery)യാണ് എന്നായിരുന്നു ഇയാളുടെ പരാതി.
പരാതി കേട്ട് പൊലീസ് ഉദ്യോഗസ്ഥർ ചിരിക്കുന്നതും ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതി തുറക്കാൻ ഇയാളോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഇയാൾ പറഞ്ഞത് സത്യം തന്നെയായിരുന്നു. പൊതിയഴിച്ചപ്പോൾ അതിൽ സെലറിയാണ് ഉണ്ടായിരുന്നത്.
മാർച്ച് 28 -നാണ് സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താവ് @Palembang_Bedesau ആണ് യഥാർത്ഥ വീഡിയോ അപ്‌ലോഡ് ചെയ്തത്. എന്നാൽ, @potretpalembang എന്ന അക്കൗണ്ടിൽ വീണ്ടും പോസ്റ്റ് ചെയ്തപ്പോൾ അത് വൈറലാവുകയായിരുന്നു. ദക്ഷിണ സുമാത്രയിലെ പാലേംബാംഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് പാലെംബാംഗ് പൊലീസിന്റെ നാർക്കോട്ടിക് വിഭാഗം മേധാവി പൊലീസ് കമ്മീഷണർ മരിയോ ഇൻവാൻറി പറഞ്ഞു.
“ഞാൻ ഇത് 50,000 രൂപയ്ക്ക് വാങ്ങി, സർ. പക്ഷേ, അത് വെറും സാധാരണ ഇലകൾ മാത്രമായിരുന്നു” എന്നാണ് മോട്ടോർസൈക്കിൾ ടാക്‌സി റൈഡറാണെന്ന് അവകാശപ്പെട്ട ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ചിരിക്ക് ശേഷം, കഞ്ചാവിനെ ഡ്രഗിലാണ് പെടുത്തിയിരിക്കുന്നത് എന്നും അത് കൈവശം വച്ചാൽ വിചാരണ ചെയ്യപ്പെടുമെന്നും ഒരു ഉദ്യോഗസ്ഥൻ ഇയാളോട് പറഞ്ഞു. എന്നാൽ, ഇയാളെ വിട്ടയച്ചു എന്നാണ് റിപ്പോർട്ട്.
ഇതിന് മുമ്പും രാജ്യത്ത് പലതവണ കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും പേരിൽ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന ഒരു സംഭവം ഇപ്പോഴും രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന മയക്കുമരുന്ന് തട്ടിപ്പുകളിലൊന്നാണ്. വടക്കൻ സുമാത്രയിലെ ഒരു നഗരമായ മേദാനിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരം അന്വേഷിക്കാൻ പ്രാദേശിക പൊലീസ് നിരവധി ഇന്റലിജൻസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. മെത്താംഫെറ്റാമൈൻ വിൽക്കുന്നതായി അവകാശപ്പെടുന്ന രണ്ട് പേരെ അവർ കണ്ടെത്തുകയും ചെയ്‍തു. എന്നാൽ, കൂടുതൽ പരിശോധനയിൽ അവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് കിലോഗ്രാം പാക്കറ്റുകളിൽ യഥാർത്ഥത്തിൽ ഉണ്ടായിരുന്നത് ഉപ്പാണ് എന്ന് കണ്ടെത്തി. എന്തായാലും പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.