
ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് പുറത്ത് തിരക്കേറിയ സ്ഥലത്ത് ഒരാൾ പരസ്യമായി മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം ഇവിടുത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരു വിദേശ പൗരനാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീഡിയോയിൽ, മെട്രോ സ്റ്റേഷന്റെ പരിധിക്കടുത്തുള്ള ഒരു മതിലിന് സമീപം ഒരു യുവാവ് നിന്ന് മൂത്രമൊഴിക്കുന്നത് കാണാം. കാൽനടയാത്രക്കാർ കടന്നുപോകുമ്പോഴും ഇയാൾക്ക് ഒരു കൂസലുമില്ല. നിമിഷങ്ങൾക്കകം, ഒരു കൂട്ടം യുവ സന്നദ്ധപ്രവർത്തകരും ആ വിദേശ പൗരനും ചേർന്ന് കയ്യടിക്കാനും കളിയാക്കാനും തുടങ്ങുന്നു. എന്നാൽ, ഈ പ്രവൃത്തി തനിക്കു നേരെയാണെന്ന് അറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ആ മനുഷ്യൻ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് യുവാവിന്റെ പ്രവൃത്തിക്കെതിരെ ഉയർന്നത്. ഒരു സോഷ്യൽ മീഡിയ യൂസർ പറഞ്ഞത് ഇങ്ങനെയാണ്; “റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് അടുത്ത് ഒരാൾ മൂത്രമൊഴിക്കുന്നു. ഒരുകൂട്ടം ആളുകൾ ആർത്തുല്ലസിക്കാനും കയ്യടിക്കാനും തുടങ്ങി. എന്നാൽ മൂത്രമൊഴിച്ച ശേഷവും അയാൾ അഹങ്കാരത്തോടെയും നാണമില്ലാതെയും നടന്നുപോയി. ഈ മനോഭാവമാണ് നമ്മൾ ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഒന്നായിരിക്കാനുള്ള കാരണം.”
പൊതുവിടങ്ങളിൽ ആളുകൾ കൃത്യമായ രീതിയിൽ പൗരബോധം കാണിക്കണമെങ്കിൽ അതിന് നിയമനടപടികളും ആവശ്യമാണെന്ന് മറ്റൊരാൾ കുറിച്ചു. സൗകര്യങ്ങളുടെ അഭാവം മാത്രമല്ല പ്രശ്നം മനുഷ്യൻറെ മനോഭാവം കൂടിയാണ് ഇത്തരം പ്രവൃത്തികൾക്ക് കാരണമെന്ന് മറ്റുചിലർ പറഞ്ഞു. അതേസമയം തന്നെ പൊതുശൗചാലയങ്ങൾ കുറവാണെന്നും ഉള്ളത് വൃത്തിഹീനമാണെന്നും അഭിപ്രായങ്ങൾ ഉയർന്നു.