
കനത്ത ട്രാഫിക്കിൽ കുടുങ്ങിയ ആംബുലൻസിന് കൃത്യസമയത്ത് ആശുപത്രിയിലെത്താൻ സ്വന്തം ജീവൻ പണയം വെച്ച് വഴിയൊരുക്കിയ ബൈക്ക് യാത്രക്കാരന് കയ്യടിക്കുകയാണ് ഇപ്പോൾ നെറ്റിസൺസ്. ജയ്പൂർ സ്വദേശിയായ അഭിമന്യു ജെയിൻ എന്ന യുവാവാണ് ട്രാഫിക് ബ്ലോക്കിൽ പെട്ട ആംബുലൻസിന് മുന്നിൽ രക്ഷകനായി എത്തിയത്. അഭിമന്യു തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ബൈക്കിൽ പോകവെയാണ് പുറകിൽ സൈറൺ മുഴക്കിപ്പാഞ്ഞു വരുന്ന ആംബുലൻസ് അഭിമന്യുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഒട്ടും സമയം കളയാതെ ബൈക്കിന്റെ വേഗത കൂട്ടി തൊട്ടടുത്ത ട്രാഫിക് സിഗ്നലിലേക്ക് അവൻ കുതിച്ചു. സിഗ്നൽ ചുവപ്പായി മാറാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, മറ്റ് വാഹനങ്ങളെ തടഞ്ഞുനിർത്തി ആംബുലൻസിന് കടന്നുപോകാൻ അഭിമന്യു സൗകര്യമൊരുക്കുകയായിരുന്നു. തന്റെ ഈ ചെറിയ ഇടപെടൽ ഒരുപക്ഷേ ഒരു ജീവൻ രക്ഷിച്ചേക്കാമെന്ന ചിന്തയിലാണ് അപ്പോൾ അങ്ങനെ ചെയ്തതെന്ന് അഭിമന്യു പറയുന്നു.
തൊട്ടടുത്ത ജംഗ്ഷനിലും അഭിമന്യു ഇത് ആവർത്തിച്ചു. അവിടെ ആംബുലൻസിന് തടസ്സമായി നിന്ന ഇ-റിക്ഷ ഡ്രൈവറോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ആംബുലൻസിന് സുരക്ഷിതമായി മുന്നോട്ട് പോകാൻ വഴിയൊരുക്കുകയും ചെയ്തു. യാത്രയുടെ അവസാന ഘട്ടത്തിൽ, വൺവേ തെറ്റിച്ച് ബൈക്ക് ഓടിച്ചാണ് അഭിമന്യു ആംബുലൻസിന് വഴികാട്ടിയത്. വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ആംബുലൻസിന് കടന്നു പോകേണ്ടിയിരുന്നു, അതാണ് മറ്റൊന്നും ആലോചിക്കാതെ ട്രാഫിക് തടഞ്ഞത് എന്ന് യുവാവ് പറയുന്നു.
ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി അപരിചിതനായ ഒരാൾക്ക് വേണ്ടി യുവാവ് ചെയ്ത കാര്യങ്ങൾക്ക് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.