Latest Videos

അനക്കോണ്ടയ്‍ക്കൊപ്പം നീന്തുന്ന മനുഷ്യൻ!? വൈറലായി മാറിയ വീഡിയോ 

By Web TeamFirst Published May 8, 2024, 8:13 AM IST
Highlights

'ഈ വീഡിയോയിലൂടെ ഞങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുന്ന കാര്യം പക്ഷേ ഇതൊന്നുമല്ല. പന്തനാൽ വളരെ വലിയ അനക്കോണ്ടകളുടെ ആവാസ കേന്ദ്രമാണ് എന്നതാണ്. അതിനാൽ പാമ്പുകളോട് താല്പര്യമുള്ള, പ്രത്യേകിച്ച് അനക്കോണ്ടയെ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം സന്ദർശിക്കാം.'

പാമ്പിനെ പേടിയില്ലാത്ത മനുഷ്യരുണ്ടോ, ഉണ്ടാവും. എന്നാലും ഭൂരിഭാഗം പേർക്കും പാമ്പുകളെ പേടിയാണ്. പക്ഷേ, പാമ്പിനടുത്ത് പോകാൻ യാതൊരു ഭയവും സങ്കോചവും ഇല്ലാത്ത അനേകം മനുഷ്യരെ സോഷ്യൽ മീഡിയ സജീവമായതോടെ നാം കാണുന്നുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ്‌ അനക്കോണ്ട. മിക്കവാറും വെള്ളത്തിലോ അല്ലെങ്കിൽ മരത്തിൽ ചുറ്റിപ്പിടിച്ചോ ഒക്കെയാണ് ഇവ കഴിയുന്നത്. ഇരയെ ഞെരിച്ചുകൊന്ന് ഭക്ഷിക്കുന്നതാണ് ഇവയുടെ രീതി. എന്നാൽ, അവ മനുഷ്യരെ ഇതുപോലെ ഭക്ഷിക്കുമെന്നത് അടിസ്ഥാനരഹിതമാണ് എന്നാണ് പറയുന്നത്. എന്നിരുന്നാലും, പാമ്പിന്റെ അടുത്ത് പോകുമ്പോൾ ആരായാലും സൂക്ഷിക്കണം.

ഈ വീഡിയോയിൽ ഒരു ഭീമൻ അനക്കോണ്ടയെയാണ് കാണാനാവുന്നത്. അതിനൊപ്പം ഒരാൾ നീന്തുന്നുമുണ്ടത്രെ. വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് safari.travel.ideas എന്ന യൂസറാണ്. വീഡിയോയ്ക്കൊപ്പം വിശദമായ ഒരു കാപ്ഷനും നൽകിയിട്ടുണ്ട്. 

'അനക്കോണ്ടയ്ക്കൊപ്പം നീന്തുന്നത് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യനെ വിഴുങ്ങാൻ കഴിയുന്ന ഏതൊരു പാമ്പിനൊപ്പവും വെള്ളത്തിൽ ഇറങ്ങുന്നതും തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും ചിലയാളുകൾക്ക് അത് സുരക്ഷിതമായി ചെയ്യാനുള്ള കഴിവുണ്ടാവാം. അത് സുരക്ഷിതമായി ചെയ്യുക.'

'ഈ വീഡിയോയിലൂടെ ഞങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുന്ന കാര്യം പക്ഷേ ഇതൊന്നുമല്ല. പന്തനാൽ വളരെ വലിയ അനക്കോണ്ടകളുടെ ആവാസ കേന്ദ്രമാണ് എന്നതാണ്. അതിനാൽ പാമ്പുകളോട് താല്പര്യമുള്ള, പ്രത്യേകിച്ച് അനക്കോണ്ടയെ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം സന്ദർശിക്കാം. പാമ്പിനെ കാണുമെന്ന് ഉറപ്പ് തരുന്നില്ലെങ്കിലും അതിനെ കാണാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്' എന്നും കാപ്ഷനിൽ കുറിച്ചിരിക്കുന്നു.

ഒപ്പം സ്ഥലത്തിന്റെ ലൊക്കേഷനും നൽകിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ ആളുകളെ അതിശയിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. വളരെ പെട്ടെന്ന് തന്നെ അവ ആളുകളുടെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. അപ്പോൾ, പാമ്പിനെ ഇഷ്ടമുള്ളവരാണെങ്കിൽ ബ്രസീലിൽ പോകുന്നുണ്ടെങ്കിൽ പന്തനാൽ സന്ദർശിക്കാൻ മറക്കണ്ട. വെള്ളത്തിലിറങ്ങാതെ നോക്കുമല്ലോ.

click me!