
മാതാപിതാക്കളുടെ പരിധിയില്ലാത്ത സ്നേഹം വിളിച്ചോതുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ഒരു മനോഹരവീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നിഷ്കളങ്കമായ നമ്മുടെ കുട്ടിക്കാലത്തേക്കും അച്ഛന്റെയും അമ്മയുടെയുമൊക്കെ സ്നേഹവാത്സല്യങ്ങളിലേക്കും മടങ്ങിപ്പോയെങ്കിലെന്ന് ആഗ്രഹിക്കാത്ത മനുഷ്യർ കുറവായിരിക്കും. ഈ വീഡിയോയും അത്തരം ബാല്ല്യകാല ഓർമ്മകളെ വിളിച്ചുണർത്തുന്നതാണ്. സ്കൂളിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായി സ്കൂട്ടറിൽ ഇരിക്കുന്ന മകന് അമ്മ ഭക്ഷണം വാരി നൽകുന്ന ദൃശ്യങ്ങളാണ് ഇത്. @rakshyyyyyyyy എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹെൽമറ്റ് ധരിച്ച ഒരാൾക്ക് പിന്നിലായി യൂണിഫോം ധരിച്ച്, സ്കൂട്ടറിൽ ഇരിക്കുന്ന കുട്ടിക്ക് സ്കൂളിലേക്ക് പോകും മുമ്പ് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന രംഗമാണിത്. കുട്ടി ഭക്ഷണം നന്നായി കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനായി അമ്മ കൂടെത്തന്നെ നിൽക്കുന്നതും മുഴുവൻ ഭക്ഷണവും അവന് വാരിക്കൊടുക്കുന്നതും കാണാം. കുട്ടി വേണ്ട എന്ന് പറയുമ്പോഴും അമ്മ അവനെ നിർബന്ധിച്ച് കഴിപ്പിക്കുകയാണ്. ഒടുവിൽ ഭക്ഷണമെല്ലാം കഴിച്ച് തീർത്ത് അവൻ പോകുന്നത് കാണാം. പോകും വഴിക്ക് ഫ്ലയിങ് കിസ് കൊടുക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
'നമ്മൾ എത്ര വലുതായാലും നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ ഇപ്പോഴും കൊച്ചുകുട്ടികളാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകളും നഷ്ടബോധവും പലരും പങ്കുവച്ചു. 'എന്റെ അമ്മ ഇതുപോലെ ചെയ്യാറുണ്ടായിരുന്നു, ജീവിതത്തിൽ എന്നേക്കുമായിട്ടുള്ള ഓർമ്മയാണ് ഇത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജീവിതവും ഈ കുട്ടിയുടേത് പോലെ മനോഹരമായിരുന്നു, ഇത് എന്റെ കുട്ടിക്കാലം കൂടിയാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത്, '2025 ൽ കണ്ട ഏറ്റവും മനോഹരമായ വീഡിയോ' എന്നായിരുന്നു.