
കുരങ്ങന്മാർ വളരെ വിരുതന്മാരാണ്. എപ്പോഴാണ്, എവിടെയാണ് പ്രത്യക്ഷപ്പെടുക, എന്താണ് ചെയ്യുക എന്നൊന്നും പ്രവചിക്കാനെ സാധിക്കില്ല. ആളുകളുടെ കയ്യിൽ നിന്നും നിമിഷനേരങ്ങൾ കൊണ്ട് പഴങ്ങളും മറ്റും അടിച്ചെടുക്കുന്ന കുരങ്ങന്മാരെ നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരത്തിലുള്ള അനേകം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, വളരെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വീഡിയോ, എക്സിൽ (ട്വിറ്ററിൽ) ആണ് പങ്ക് വച്ചിരിക്കുന്നത്. Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു വിവാഹത്തിന്റെ ആഘോഷമാണ്. വീഡിയോയിൽ കാണുന്നതനുസരിച്ച് ഹൽദി ആഘോഷമാണ് നടക്കുന്നത് എന്നാണ് കരുതുന്നത്. നിറയെ മഞ്ഞനിറത്തിലുള്ള അലങ്കാരങ്ങളാണ് കാണാൻ സാധിക്കുന്നത്. അതിഥികളിൽ പലരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
ആ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കുരങ്ങൻ അങ്ങോട്ട് വരുന്നത്. ആരുടേയും കണ്ണിൽ പെടാതെ അത് നേരെ അകത്തേക്ക് കടക്കുന്നു. അവിടെ ഒരു താലത്തിൽ ലഡുവുമായി നിൽക്കുന്ന യുവതിയുടെ നേരെ വരുന്നു, ഒറ്റനിമിഷം കൊണ്ട് അതിൽ നിന്നും ലഡുവും കൈക്കലാക്കി പോകുന്നു. കുരങ്ങനെ ആദ്യം ആരും ശ്രദ്ധിച്ചില്ല. കണ്ടതോടെ അവിടെ കൂടിനിൽക്കുന്നവരെല്ലാം ആശ്ചര്യപ്പെടുന്നതും വീഡിയോയിൽ കാണാം. പിന്നീട്, പുറത്തുള്ള കുരങ്ങന്മാരെയും വീഡിയോയിൽ കാണിക്കുന്നുണ്ട്.
കുരങ്ങന്റെ ഈ വികൃതി എന്തായാലും ആളുകളെ ആകർഷിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഒരാൾ പറഞ്ഞിരിക്കുന്നത്, താൻ ഒറ്റയ്ക്ക് തിന്നില്ല, എല്ലാവർക്കും ഉള്ളത് കൊണ്ടുപോകും എന്നാണ് കുരങ്ങൻ പറയുന്നത് എന്നാണ്. ബ്രോ അവസരം കിട്ടിയപ്പോൾ അത് മുതലെടുത്തു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.