ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഇതെങ്ങനെയാണ് പറക്കുന്നതെന്ന് മുത്തശ്ശിയുടെ അത്ഭുതം. അന്ന് ഉച്ചയ്ക്ക് തന്നെ മുത്തശ്ശിയേയും കൊണ്ട് കൊച്ചുമകന്‍റെ വിമാനയാത്ര. വൈറലായി വീഡിയോ. 

സ്വപ്നങ്ങൾ ഏത് പ്രായക്കാർക്കും ഉണ്ടാകും. ചിലപ്പോൾ പ്രായം കൂടുമ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ച് നൽകാൻ കൂടെയാരെങ്കിലും വേണ്ടിവരും എന്ന് മാത്രം. അങ്ങനെ ഒരാൾ അത് ആരുമായിക്കൊള്ളട്ടെ മക്കളോ, കൊച്ചുമക്കളോ... അങ്ങനെ ഒരാളുണ്ടാവുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാ​ഗ്യങ്ങളിൽ ഒന്നാണ്. എന്തായാലും, അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മുത്തശ്ശിയെ ആദ്യമായി വിമാനത്തിൽ കയറ്റിയ രവി രാജ് രാജ്പുരോഹിത് എന്ന യുവാവ് പങ്കുവച്ച വീഡിയോയാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ജനലിലൂടെ ആകാശത്ത് പറക്കുന്ന ഒരു വിമാനം കണ്ടപ്പോൾ, 'ഇതെങ്ങനെയാണ് പറക്കുന്നത്?' എന്ന് മുത്തശ്ശി അത്ഭുതത്തോടെ ചോദിച്ചത്രെ. ആ ചോദ്യം കേട്ട നിമിഷം തന്നെ കൊച്ചുമകൻ ഒരു തീരുമാനമെടുക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മുത്തശ്ശിയെയും കൂട്ടി അവൻ എയർപോർട്ടിലെത്തി. അവരെയും കൊണ്ട് വിമാനത്തിലും കയറി. മുത്തശ്ശി വിമാനത്തിൽ കയറുന്നതും, ജനൽ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്നതുമെല്ലാം വീഡിയോയിൽ കാണാം. വളരെ അധികം അത്ഭുതത്തോടും കൗതുകത്തോടുമാണ് മുത്തശ്ശി കാഴ്ചകൾ കാണുന്നത് എന്നും യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും.

View post on Instagram

' ചില സ്വപ്നങ്ങൾക്ക് പ്രായമില്ല. ഇന്ന് ദാദി തന്റെ ആദ്യ വിമാനയാത്ര നടത്തി' എന്ന അടിക്കുറിപ്പോടെയാണ് രവി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളും നൽകിയിരിക്കുന്നത്. 'ഒരിക്കൽ നമ്മളെ നടക്കാൻ പഠിപ്പിച്ചവരാണ് അവർ. അവരിന്ന് ആകാശത്തിലൂടെ പറക്കുന്നു' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'ഇന്റർനെറ്റിൽ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്ച ഇതാണ്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത് .