
കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയ'ത്തിന്റെ വീഡിയോയാണ് ഇത്.
സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും പടർത്തുന്ന ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മെട്രോ സ്റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എക്സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോയിൽ, മെട്രോ സ്‌റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനും കാമുകിക്കും അരികിലേക്ക് മധുരപലഹാരങ്ങളും പഴങ്ങളുമായി അമ്മ എത്തുന്നത് കാണാം. ചടങ്ങുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അമ്മ, വീഡിയോ എടുക്കുന്ന ആളോട് ദൃശ്യങ്ങൾ ശരിയായി പകർത്താൻ നിർദ്ദേശിക്കുന്നതും വീഡിയോയിലുണ്ട്. മകൻ അമ്മയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ വഴങ്ങുന്നില്ല. 'നമ്മുടെ കുടുംബത്തിന്റെ മാനം പോയി, അതിനെന്താണ് വഴി?' എന്ന് ചോദിച്ചുകൊണ്ട് അമ്മ മകനെയും പെൺകുട്ടിയെയും മധുരം കഴിപ്പിക്കുന്നു. ഒടുവിൽ ' സന്തോഷമായി ഇരിക്കൂ ' എന്ന് പറഞ്ഞ് അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
ഈ വീഡിയോ കണ്ട് കണ്ണുതള്ളിയ നെറ്റിസൺസിൽ പലരും ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോയാണോ എന്ന സംശയം പ്രകടിപ്പിക്കുന്നുണ്ട്. 'ഇത് കണ്ടിട്ട് സ്ക്രിപ്റ്റഡാണ് എന്ന് തോന്നുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതം ആരെങ്കിലും ചോദിച്ചോ? അവർക്ക് മകളെ ഈ പയ്യനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ താല്പര്യമുണ്ടോ?' എന്നാണ് മറ്റൊരാൾ ചോദിച്ചത്. അതേസമയം, സംഭവം നടന്ന സ്ഥലം ഏതാണെന്നോ സമയം എപ്പോഴാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.