വീണ്ടും വിദ്യാര്‍ത്ഥിനിയായി അമ്മ, കോളേജിലെ ആദ്യത്തെ ദിനം; വീഡിയോ പങ്കുവച്ച് മകള്‍

Published : Sep 06, 2026, 02:01 PM IST
viral video

Synopsis

കോഴ്സിനെക്കുറിച്ച് ഓർത്ത് കഴിഞ്ഞ രണ്ട് ദിവസമായി അമ്മ കരച്ചിലായിരുന്നുവെന്നും, പോകാൻ മടിയുണ്ടെങ്കിലും അതേസമയം പഠിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും മകൾ വ്യക്തമാക്കുന്നു.

പഠനത്തിന് പ്രായമൊന്നും ഒരു വിഷയമേയല്ല എന്ന് പറയാറുണ്ട്. അതുപോലെ, മുംബൈയിൽ മൂന്ന് മാസത്തെ പാക്കേജിംഗ് കോഴ്സിന് ചേരാനായി കോളേജിലെത്തിയ തന്റെ അമ്മയ്‌ക്കൊപ്പം യുവതി പങ്കുവച്ച ഹൃദയസ്പർശിയായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തൻവി മൽഹാര എന്ന യുവതിയാണ് കോളേജിലെ അമ്മയുടെ ആദ്യ ദിവസത്തെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

'എന്റെയല്ല, അമ്മയുടെ കോളേജിലെ ആദ്യ ദിവസം!' എന്ന് പറഞ്ഞുകൊണ്ടാണ് തൻവി വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഏത് കോഴ്സിലാണ് ചേർന്നതെന്ന് അവൾ അമ്മയോട് ചോദിക്കുന്നു. 'ഐ.ടി.സിയിലെ പാക്കേജിംഗ് കോഴ്സ് ആണ്' എന്ന് അമ്മ മറുപടി നൽകുന്നു. തുടർന്ന് അമ്മയ്ക്ക് മൂന്ന് മാസത്തെ കോഴ്സിനായി മുംബൈയിൽ താമസിക്കാനുള്ള ഹോസ്റ്റൽ നോക്കാൻ പോകുന്നതും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസ് കാണിച്ച് കൊടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

വീഡിയോയുടെ പിന്നിൽ കുറച്ച് വൈകാരികമായ നിമിഷങ്ങളും ഉണ്ടായിരുന്നുവെന്ന് തൻവി പറയുന്നു. കോഴ്സിനെക്കുറിച്ച് ഓർത്ത് കഴിഞ്ഞ രണ്ട് ദിവസമായി അമ്മ കരച്ചിലായിരുന്നുവെന്നും, പോകാൻ മടിയുണ്ടെങ്കിലും അതേസമയം പഠിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും മകൾ വ്യക്തമാക്കുന്നു.

തുടർന്ന്, തന്റെ പ്രായത്തെക്കുറിച്ച് അമ്മ തമാശയായി സംസാരിക്കുന്നുണ്ട്. 'ഭക്തിയിൽ മുഴുകിയിരിക്കേണ്ട പ്രായത്തിൽ അവർ എന്നെ ഇവിടെ പഠിക്കാൻ അയച്ചിരിക്കുകയാണ്' എന്ന് ചിരിച്ചുകൊണ്ട് അമ്മ പറയുന്നതും വീഡിയോയിലുണ്ട്. 'ഡോ. നളിനി എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് തൻവി ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'ഇത് വളരെ പ്രചോദനം നൽകുന്നതാണ്', 'പഠിക്കാൻ ഒരിക്കലും വൈകിയില്ല', 'ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഫസ്റ്റ് ഡേ വ്ലോഗ്', 'മകൾ അമ്മയ്ക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണ്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

ജീവനോടെ എത്തി ഭാ​ഗ്യം; റോഡ് മുറിച്ചു കടന്ന അനുഭവം വിവരിച്ച് യുവതി
ജോലിയാണ് ഏറ്റവും വലിയ ഉത്സവം, അവധിയെക്കുറിച്ച് മാത്രം ഓർക്കാതെ ജോലി ചെയ്യൂ; വൈറലായി വിഡിയോ