
സാധാരണഗതിയിൽ എലികൾ ആണല്ലോ പൂച്ചയെ പേടിച്ച് മാളത്തിൽ ഒളിക്കാറ്. എന്നാൽ കഴിഞ്ഞദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് കാരണം വേറൊന്നുമല്ല വീഡിയോയിൽ ഒരു എലിയെ പേടിച്ച് പരക്കം പാഞ്ഞ് ഓടുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് ഉള്ളത്. ടോം ആൻഡ് ജെറി കാർട്ടൂണുകളിൽ കാണുന്നതിന് സമാനമായുള്ള പൂച്ചയും എലിയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഡോ ഷോക്കത്ത് ഷാ എന്ന് ട്വിറ്റർ യൂസറാണ് ഈ വീഡിയോ തൻറെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഹോട്ടലുകളിലെ അടുക്കളയോട് സാമ്യമുള്ള ഒരു സ്ഥലത്താണ് എലിയും പൂച്ചയും തമ്മിലുള്ള പോരാട്ടം. മുറിയുടെ ഒരു മൂലയ്ക്കായി ഇരിക്കുന്ന പൂച്ചയുടെ അരികിലേക്ക് പെട്ടെന്ന് ഒരു എലി വരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എലിയെ കണ്ടതും അതിനെ പിടികൂടാൻ ശ്രമിക്കുന്നതിനു പകരം പാവം നമ്മുടെ പൂച്ച പേടിച്ച് ഓടുന്നതാണ് വീഡിയോയിൽ. പക്ഷേ അത്ര വേഗത്തിൽ പിന്മാറാൻ എലി തയ്യാറാകുന്നില്ല. അത് പേടിച്ചോടുന്ന പൂച്ചയെ പിന്തുടരുന്നു. തനിക്ക് പിന്നാലെ എലിയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൂച്ച ശരവേഗത്തിൽ ആക്കുന്നു തന്റെ ഓട്ടം. ഇതിനിടയിൽ തിരിഞ്ഞുനിന്ന് എലിയെ ഭയപ്പെടുത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും പേടിച്ച് ഒരടി പോലും എലി പിന്നോട്ട് മാറുന്നില്ല. ഇതിനിടയിൽ പൂച്ചയുടെ കാലിൽ കടിക്കാനുള്ള ശ്രമവും എലി നടത്തുന്നുണ്ട്.
വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഈ രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. പൂച്ചയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു പലരുടെയും കമന്റുകൾ. പൂച്ചയെ പേടിപ്പിച്ച് വശം കെടുത്തിയ എലിയെ വാനോളം പുകഴ്ത്തുന്ന വരും ചുരുക്കമല്ല. റിയൽ ടോം ആൻഡ് ജെറി എന്നായിരുന്നു ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഏതായാലും ലക്ഷക്കണക്കിനാളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.