ബെംഗളൂരുവിൽ പിജിയിൽ നിന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോൾ വാടകയ്ക്കും ഡെപ്പോസിറ്റിനും പുറമെ തനിക്ക് വന്ന ചിലവിനെ കുറിച്ച് യുവതി. മൊത്തം 62,150 രൂപ ചെലവായെന്ന് യുവതി. ബ്രോക്കറേജ്, വീട്ടുപകരണങ്ങൾ, ഇന്റർനെറ്റ്, ഗ്രോസറി തുടങ്ങിയ അധിക ചെലവുകളെക്കുറിച്ച് പലരും ബോധവാന്മാരല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ഐടി നഗരമായ ബംഗളൂരുവിൽ വീട് വാടകയ്ക്ക് എടുക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. എന്നാൽ, വാടകയ്ക്ക് പുറമെ ആ വീട്ടിൽ താമസം തുടങ്ങണമെങ്കിൽ എത്ര രൂപ ചെലവാകുമെന്ന് കൃത്യമായ കണക്കുകളോടെ വ്യക്തമാക്കുകയാണ് കൃഷ്ണനന്ദിനി എന്ന യുവതി. പിജിയിൽ നിന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോൾ തനിക്ക് ആകെ ചെലവായത് 62,150 രൂപയാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഇവർ പറയുന്നത്.
ഒരു സുഹൃത്തിനൊപ്പമാണ് കൃഷ്ണനന്ദിനി ഫ്ലാറ്റ് എടുത്തത്. ഓരോരുത്തർക്കും വന്ന ചെലവുകൾ ഇങ്ങനെയാണ്. ഫ്ലാറ്റിനായി 60,000 രൂപയാണ് ഡെപ്പോസിറ്റ് നൽകിയത്. ഇതിൽ കൃഷ്ണനന്ദിനിയുടെ വിഹിതം 30,000 രൂപ. ബ്രോക്കറേജ് ഒരാളുടെ വിഹിതമായി 6,000 രൂപ. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാട്ടർ പ്യൂരിഫയർ എന്നിവ വാടകയ്ക്ക് എടുത്തു. ഇതിനായി പ്രതിമാസം 2,500 രൂപ വീതം നൽകണം. ഇന്റർനെറ്റ് കണക്ഷനായി മൂന്ന് മാസത്തേക്ക് 2,700 രൂപയും, ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉൾപ്പെടെ 4,200 രൂപയും ചെലവായി. കട്ടിലിന് 1,900 രൂപയും മെത്തയ്ക്ക് 4,800 രൂപയുമായി.
അടുക്കള ഒരുക്കുന്നതിലേക്ക് മാത്രമായി ഏകദേശം 4,500 രൂപയുടെ ഗ്രോസറി സാധനങ്ങൾ വാങ്ങി. ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം പത്തോ പന്ത്രണ്ടോ തവണ ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്യേണ്ടി വന്നുവെന്നും ഇവർ പറയുന്നു. 'ബെംഗളൂരുവിലെ ഉയർന്ന വാടകയെക്കുറിച്ച് എല്ലാവരും സംസാരിക്കും. എന്നാൽ ഒരു ഒഴിഞ്ഞ ഫ്ലാറ്റിലേക്ക് താമസം മാറുമ്പോൾ ഉണ്ടാകുന്ന ഇത്തരം അധിക ചെലവുകളെക്കുറിച്ച് ആരും പറഞ്ഞുതരാറില്ല' എന്നാണ് കൃഷ്ണനന്ദിനി വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു വീട് താമസയോഗ്യമായ രീതിയിലേക്ക് മാറ്റിയെടുക്കാനാണ് ഏറ്റവും കൂടുതൽ പണം വേണ്ടിവരുന്നതെന്നും ഇവർ സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. വീട് സെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആരും മുൻകൂട്ടി തയ്യാറെടുക്കാറില്ലെന്ന് പലരും കമന്റ് ചെയ്തു.
