ലണ്ടനിലെ വൻ ജോലി ഓഫർ വേണ്ടെന്നുവെച്ചു, ഇന്ത്യയിലെ സൗകര്യങ്ങൾ തന്നെ കാരണം; പോസ്റ്റുമായി യുവാവ്

Published : Sep 19, 2026, 08:46 PM IST
Souveek Ray

Synopsis

ഇന്ത്യയിൽ അത്യാവശ്യം നല്ല വരുമാനമുള്ള ഒരാൾക്ക് ലഭിക്കുന്ന പിന്തുണയും സാമൂഹിക അന്തരീക്ഷവും വിദേശത്ത് ചെന്നാൽ എളുപ്പത്തിൽ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ നല്ല വരുമാനവും കുടുംബത്തിൽ നിന്നും നല്ല പിന്തുണയുമുള്ളവർക്ക് വിദേശത്തേക്ക് കുടിയേറുന്നത് എല്ലായ്പ്പോഴും ഒരു മികച്ച ജീവിതനിലവാരം ഉറപ്പു നൽകണമെന്നില്ലെന്ന നിരീക്ഷണവുമായി ബെംഗളൂരുവിൽ നിന്നുള്ള സംരംഭകൻ. ലണ്ടനിൽ ടിക്ടോക്കിൽ ലഭിച്ച വൻ ജോബ് ഓഫർ വേണ്ടെന്നുവെച്ച തിരുമാനം പങ്കുവെച്ചുകൊണ്ട് സൗവീക് റോയ് എന്ന യുവ സംരംഭകനാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലണ്ടനിലെ ഭക്ഷണവും മറ്റും തന്നിൽ വലിയ മതിപ്പുളവാക്കിയെങ്കിലും, അവിടെ താമസമാക്കിയാൽ ജീവിതത്തിൽ എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടി വരികയെന്നാണ് താൻ ചിന്തിച്ചതെന്ന് സൗവീക് പറയുന്നു. 'കേൾക്കുമ്പോൾ പലർക്കും അത്ഭുതം തോന്നാം, എന്നാൽ വിദേശത്തേക്ക് മാറുന്നത് എല്ലായ്പ്പോഴും ഏറ്റവും മികച്ച തീരുമാനമാകണമെന്നില്ല. വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലേക്ക് കുടിയേറാൻ ഏറെക്കുറെ ഉറപ്പിച്ച ആളാണ് ഞാൻ. ടിക് ടോക്കിൽ നിന്ന് മികച്ചൊരു ഓഫർ ഉണ്ടായിരുന്നു. എന്നാൽ അവിടെച്ചെന്നാൽ എന്തൊക്കെ ലഭിക്കുമെന്നതിനേക്കാൾ, ഇന്ത്യയിൽ ഞാൻ ഉപേക്ഷിച്ചു പോകുന്ന സൗകര്യങ്ങളെന്തൊക്കെയാണെന്നാണ് ആ സമയത്ത് ആലോചിച്ചത്' സൗവീക് വ്യക്തമാക്കി.

ഇന്ത്യയിൽ അത്യാവശ്യം നല്ല വരുമാനമുള്ള ഒരാൾക്ക് ലഭിക്കുന്ന പിന്തുണയും സാമൂഹിക അന്തരീക്ഷവും വിദേശത്ത് ചെന്നാൽ എളുപ്പത്തിൽ ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പലർക്കും വിദേശവാസവും ജോലിയും ശരിയായ തീരുമാനമായിരിക്കാമെങ്കിലും അതിനെ ജീവിതത്തിലെ യാന്ത്രികമായ ഒരു മുന്നേറ്റമായി കാണേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ത്യയിൽ അതിന്റേതായ വെല്ലുവിളികളുണ്ടെങ്കിലും മുന്നിൽ വലിയ അവസരങ്ങളുമുണ്ടെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്ഷനിൽ അദ്ദേഹം കുറിച്ചു.

സൗവീക് റോയിയുടെ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വന്നതോടെ പ്രവാസി ജീവിതത്തെയും ഇന്ത്യയിലെ ജീവിത സൗകര്യങ്ങളെയും കുറിച്ചുള്ള സജീവമായ വാദപ്രതിവാദങ്ങൾക്ക് തുടക്കമായിട്ടുണ്ട്. 'വിദേശവാസത്തെക്കുറിച്ച് വളരെ വേറിട്ടതും ചിന്തിപ്പിക്കുന്നതുമായ ഒരു കാഴ്ചപ്പാട്' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'വിദേശത്തേക്ക് കുടിയേറുന്നത് ജീവിതം തനിയെ മെച്ചപ്പെട്ടു എന്നതിന്റെ അടയാളമല്ല' എന്ന് മറ്റൊരാൾ കുറിച്ചു. 'ഇന്ത്യയാണോ വിദേശമാണോ നല്ലത് എന്നതിന് എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒറ്റ ഉത്തരമില്ല' എന്നും 'വിദേശത്തെ ഉയർന്ന ശമ്പളം എപ്പോഴും മികച്ചൊരു ജീവിത നിലവാരത്തെ സൂചിപ്പിക്കണമെന്നില്ല' എന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഒരിക്കലും മറക്കാനാവാത്ത നിമിഷം; അമ്മയുടെ ആദ്യ വിമാനയാത്രയുടെ വീഡിയോയുമായി മകൾ
ഭാര്യയ്ക്ക് സർപ്രൈസ്, ഐഫോൺ 18 പ്രോ മാക്സ് വാങ്ങാൻ കുടുംബത്തിന്റെ സ്വർണം വിറ്റെന്ന് യുവാവ്