ഇതുപോലൊന്ന് ജീവിതത്തില്‍ കണ്ടിട്ടില്ല; ഗർബ നൃത്തം കണ്ട് കണ്ണ് നിറഞ്ഞ് റൊമാനിയൻ യുവതി, ഇന്ത്യയെ മിസ്സ് ചെയ്യും; വീഡിയോ

Published : Oct 15, 2026, 06:22 PM IST
viral video

Synopsis

‘ഞാൻ ഏറെനേരം ഈ നൃത്തം നോക്കിനിന്നു. എന്നെ ആരും കുറ്റപ്പെടുത്തരുത്, പക്ഷേ ഒരു ഘട്ടത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇന്ത്യൻ സംസ്കാരത്തോടുള്ള അടങ്ങാത്ത ആദരവാകാം, അല്ലെങ്കിൽ ഇന്ത്യയോട് വിടപറയാൻ സമയമായി എന്ന തോന്നലാകാം, അതല്ലെങ്കിൽ മറ്റുള്ളവരുടെ ഈ സന്തോഷം കണ്ടുണ്ടായ ആനന്ദക്കണ്ണീരാകാം...’

ഇന്ത്യയിൽ ഒക്ടോബർ മാസമെന്നാൽ ആഘോഷങ്ങളുടെ കാലമാണ്. രാജ്യമൊട്ടാകെ നവരാത്രി ലഹരിയിലാണ്. പല സംസ്ഥാനങ്ങളിലും ഗർബ നൃത്തത്തിനും വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ, ഒരു റൊമാനിയൻ വിനോദസഞ്ചാരി ​ഗർബ നൃത്തം നേരിൽ കണ്ട് കണ്ണീരണിയുന്ന വീഡിയോ വൈറലാവുകയാണ്. മരിയ അലക്സാണ്ട്രയാണ് സോഷ്യൽ മീഡിയയിൽ ഈ മനോഹരമായ അനുഭവം പങ്കുവെച്ചത്. ജീവിതത്തിൽ ഇതുപോലൊന്ന് താൻ കണ്ടിട്ടില്ലെന്നും, ഈ ഉത്സവകാലത്ത് ഇന്ത്യയിലുണ്ടാകാൻ കഴിഞ്ഞതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും യുവതി പറയുന്നു.

'എന്റെ ജീവിതത്തിൽ ഇതുപോലെ ഞാൻ വേറെയൊന്നും കണ്ടിട്ടില്ല! നവരാത്രിയുടെ ഭാഗമായി എല്ലാ പ്രായത്തിലുമുള്ള ആളുകളും ചേർന്ന് ഗർബ നൃത്തം ചെയ്യുന്നത് കാണാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ദുർഗ്ഗാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒമ്പത് രാത്രികളാണിത്' മരിയ കുറിച്ചു. ഈ നൃത്തം കേവലം ഒരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു ആരാധനാമാർഗ്ഗമാണ്. ഓരോ വ്യക്തിയും നൃത്തത്തിലൂടെ ദേവിയെ ആദരിക്കുകയാണ് ചെയ്യുന്നത്. ഭക്തിയും നൃത്തവും ഇവിടെ വെവ്വേറെയല്ല, നൃത്തം തന്നെയാണ് ഭക്തിയെന്ന് അവർ കൂട്ടിച്ചേർത്തു.

'ഞാൻ ഏറെനേരം ഈ നൃത്തം നോക്കിനിന്നു. എന്നെ ആരും കുറ്റപ്പെടുത്തരുത്, പക്ഷേ ഒരു ഘട്ടത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇന്ത്യൻ സംസ്കാരത്തോടുള്ള അടങ്ങാത്ത ആദരവാകാം, അല്ലെങ്കിൽ ഇന്ത്യയോട് വിടപറയാൻ സമയമായി എന്ന തോന്നലാകാം, അതല്ലെങ്കിൽ മറ്റുള്ളവരുടെ ഈ സന്തോഷം കണ്ടുണ്ടായ ആനന്ദക്കണ്ണീരാകാം... എന്തായാലും ഞാൻ ഇവിടെ നിന്നും മടങ്ങിപ്പോയാൽ ഈ നിമിഷങ്ങളെല്ലാം വല്ലാതെ മിസ്സ് ചെയ്യുമെന്ന് എനിക്ക് തീർച്ചയാണ്' എന്നും അവർ പറഞ്ഞു.

ഇന്ത്യൻ സംസ്കാരത്തെ മരിയ ഉൾക്കൊണ്ട രീതിയും, അതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും വലിയ പ്രശംസയാണ് നേടിയത്. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾ ഇത് ആസ്വദിക്കുക മാത്രമല്ല, അതിന്റെ യഥാർത്ഥ അർത്ഥം ഉൾക്കൊള്ളുന്നുണ്ടെന്ന് കാണുന്നതിൽ സന്തോഷം' എന്ന് ഒരാൾ കുറിച്ചു. 'ഇന്ത്യൻ സംസ്കാരത്തെ നിങ്ങൾ വളരെ മനോഹരമായി വിശദീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ നിങ്ങൾ ചെലവഴിച്ച സമയത്തിനും സംസ്കാരം മനസ്സിലാക്കാൻ നിങ്ങൾ എടുത്ത ശ്രമത്തിനും നന്ദി' എന്നായിരുന്നു മറ്റൊരു കമന്റ്.

PREV
Read more Articles on
click me!

Recommended Stories

ടച്ചിംഗ്സും, സോഡയും...; മെഡിക്കൽ കോളജിലെ എമർജൻസി വാർഡിന് മുന്നിൽ സ്ത്രീകളുടെ മദ്യപാനം, സിസിടിവി ദൃശ്യങ്ങൾ വൈറൽ, ബീഹാറിൽ വിവാദം
'എല്ലാം കൈയെത്തും ദൂരത്ത്'; ഇന്ത്യയിൽ തനിക്കേറെ ഇഷ്ടപ്പെട്ട കാര്യത്തെ കുറിച്ച് വാചാലയായി യുഎസ് വ്ലോഗർ