
കേരള സ്റ്റോറി 2 സിനിമയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം തന്നെ കേരളത്തെ കുറിച്ച് സിനിമയിലുള്ള വ്യാജ പ്രചരണങ്ങളശെ എതിർത്തുകൊണ്ടുള്ള അനുഭവങ്ങളും കേരളത്തിന് പുറത്തുള്ള, എന്നാൽ കേരളത്തിൽ താമസിച്ചിട്ടുള്ള അനേകം പേർ പങ്കുവയ്ക്കുന്നു. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. കേരളത്തിൽ പഠിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാർത്ഥി ഷെയർ ചെയ്ത പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്, കേരള സ്റ്റോറി -2 വിന്റെ ട്രെയിലറിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്.
'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്. രണ്ട് വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഒരിക്കല്‍ പോലും ഒരാളും ആരെയെങ്കിലും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതോ, അതുപോലെ ആരുടെയെങ്കിലും വിശ്വാസങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതോ താന്‍ കണ്ടിട്ടില്ല. കോളജ് മെസ്സില്‍ ആയാലും സിറ്റിയിലായാലും എന്ത് കഴിയ്ക്കണമെന്നത് വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സൗഹാര്‍ദത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കേരളമാണ് താന്‍ കണ്ട കേരളമെന്നും അക്ഷയ് പറയുന്നു. ഇതാണ് യാഥാര്‍ഥ്യമെന്നും അക്ഷയ് വീഡിയോയിൽ വ്യക്തമാക്കി.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സ്വന്തം അനുഭവം തുറന്നുപറഞ്ഞതിൽ അക്ഷയ് രാജിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും വന്നിരിക്കുന്നത്.