
കുട്ടിക്കാലം മുതലുള്ള ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ കണ്ണീരണിഞ്ഞ് ഒരു യുവതി. വർഷങ്ങളായി താൻ ആഗ്രഹിച്ച നായക്കുട്ടിയെ സമ്മാനമായി നൽകി മാതാപിതാക്കൾ ഞെട്ടിച്ചതിന്റെ വൈകാരിക നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുഷ്ക കെർക്കർ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. ചെറുപ്പം മുതലേ ഒരു വളർത്തുമൃഗത്തെ വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ മാതാപിതാക്കളെ സമ്മതിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും അനുഷ്ക കുറിക്കുന്നു.
'ചെറുപ്പം മുതലേ ഒരു പപ്പിയെ സ്വന്തമാക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. എന്നാൽ, ഒരു വളർത്തുമൃഗത്തെ നോക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമായതുകൊണ്ട് തന്നെ മാതാപിതാക്കളെ സമ്മതിപ്പിക്കുക പ്രയാസമായിരുന്നു. എങ്കിലും ഓരോ ജന്മദിനത്തിലും ക്രിസ്മസിനും ഞാൻ അവരോട് ഇതേ ആഗ്രഹം തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. ഉത്തരം എന്തായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഞാൻ ശ്രമം ഉപേക്ഷിച്ചില്ല. എന്റെ ഓരോ ജന്മദിനത്തിലും മെഴുകുതിരി ഊതിക്കെടുത്തുമ്പോൾ ഞാൻ ആഗ്രഹിച്ചത് അവനെ മാത്രമായിരുന്നു. ഒടുവിൽ അവൻ എന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നു. ഇതെല്ലാം അവർ എപ്പോഴാണ് പ്ലാൻ ചെയ്തതെന്ന് എനിക്കറിയില്ല, എന്നാൽ ഞാൻ സ്വപ്നം കണ്ട അതേ നായക്കുട്ടിയെ തന്നെയാണ് അവർ എനിക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് എന്റേതെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുന്നു' അനുഷ്ക കുറിച്ചു.
വികാരഭരിതമായ സർപ്രൈസ് നിമിഷം
മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിലാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് വീടെത്തിയ അനുഷ്ക, അവിടെ ക്യാമറകൾ വച്ചിരിക്കുന്നത് കണ്ട് കാര്യമറിയാതെ സംശയിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് അയൺ ചെയ്യാൻ വച്ച വസ്ത്രങ്ങളാണെന്ന് പറഞ്ഞ് ബെഡ്ഷീറ്റ് കൊണ്ട് മൂടിവച്ച ഒരു കൊട്ടയിലേക്ക് അമ്മ അനുഷ്കയുടെ ശ്രദ്ധ തിരിച്ചു.
സംശയം തോന്നി ബെഡ്ഷീറ്റ് മാറ്റി നോക്കിയ അനുഷ്ക കണ്ടത് ഒരു കൊട്ടയ്ക്കുള്ളിലിരിക്കുന്ന 'ഷി റ്റ്സു' ഇനത്തിൽപ്പെട്ട കുഞ്ഞു പപ്പിയെയാണ്. കണ്ടമാത്രയിൽ തന്നെ വികാരഭരിതയായ അനുഷ്ക അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. 'ഞാൻ ആഗ്രഹിച്ചത് ഇതാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?' എന്ന് കരച്ചിലിനിടയിൽ ചോദിച്ച അനുഷ്കയ്ക്ക് 'ഞങ്ങൾക്ക് അറിയില്ലേ മോളെ' എന്നായിരുന്നു കുടുംബത്തിന്റെ മറുപടി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി ആളുകളാണ് വീഡിയോ കണ്ടതും സ്നേഹമറിയിച്ച് കമന്റുകൾ രേഖപ്പെടുത്തിയതും. 'ഇത് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി' എന്നായിരുന്നു മിക്കവരും പറഞ്ഞത്.