
ജോലി ഉപേക്ഷിച്ച ശേഷം തൻറെ ജീവിതം എങ്ങനെ മാറി എന്നതിനെ കുറിച്ച് ഒരു യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'പണത്തേക്കാൾ വലുതായി ഒന്നുണ്ട്, അതിനെയാണ് സമാധാനം എന്ന് വിളിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഫിലിംമേക്കറും ക്രിയേറ്റീവ് ഡയറക്ടറുമായ ദയാൽ എന്ന യുവാവാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. തനിക്കുണ്ടായിരുന്നു അസ്വസ്ഥതകൾ പലതും ജോലി രാജി വച്ചതോടെ ഇല്ലാതെയായി എന്നാണ് യുവാവ് പറയുന്നത്.
താൻ ജോലി ഉപേക്ഷിച്ചിട്ട് 10-12 ദിവസമായി എന്ന് ദയാൽ പറയുന്നു. 'സത്യം പറഞ്ഞാൽ, ജീവിതം എന്നെ ചില വിചിത്രമായ പാഠങ്ങൾ പഠിപ്പിച്ചു. മുമ്പ് ഒരു ദിവസം 20 സിഗരറ്റ് വലിക്കാറുണ്ടായിരുന്നു, ഇപ്പോൾ എനിക്ക് അങ്ങനെ വലിക്കാൻ തോന്നുന്നില്ല. എന്റെ മനസ്സ് വളരെ ശാന്തമായതിനാൽ തന്നെ എനിക്ക് മെഡിറ്റേഷൻ പോലും ആവശ്യമായി വരുന്നില്ല' എന്നും ദയാൽ വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷനിൽ പറയുന്നു. സിനിമയെയും വികാരങ്ങളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ തനിക്ക് സാധിച്ചു. നേരത്തെ തനിക്ക് അതിനൊന്നും നേരമുണ്ടായിരുന്നില്ല. നേരത്തെ മേലുദ്യോഗസ്ഥരോട് എല്ലാത്തിനും ഒഴിവുകഴിവു പറയേണ്ടിയിരുന്നു ഇപ്പോൾ അതൊന്നും വേണ്ടി വരുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.
പണം വളരെ വളരെ അത്യാവശ്യം തന്നെയാണ്, എന്നാൽ അതുപോലെ പ്രധാനമാണ് മാനസികാരോഗ്യവും എന്നും ദയാൽ അഭിപ്രായപ്പെടുന്നു. ചിലപ്പോൾ ആ സമാധാനം തരാൻ സാലറി സ്ലിപ്പുകൾക്ക് കഴിഞ്ഞു എന്ന് വരില്ല എന്നും ദയാൽ അഭിപ്രായപ്പെട്ടു. ഒരുപാടുപേർ ദയാലിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് കമന്റ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ പണമില്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടാണ് എന്നും ജോലിയില്ലാതെ എങ്ങനെ പണം കണ്ടെത്തുമെന്നും പലരും ചോദിച്ചിട്ടുണ്ട്.