ട്രെയിന്‍ വിമാനത്തിലിടിച്ചു, വിമാനാവശിഷ്ടങ്ങള്‍ പറന്നു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Web Desk   | Asianet News
Published : Jan 11, 2022, 04:46 PM IST
ട്രെയിന്‍ വിമാനത്തിലിടിച്ചു, വിമാനാവശിഷ്ടങ്ങള്‍  പറന്നു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

സാങ്കേതിക തകരാറു മൂലം ഒരു തവണ നിലത്തിറക്കാനാവാതായ വിമാനം വ്ീണ്ടും ഉയര്‍ന്നുപൊങ്ങി റെയില്‍വേ ട്രാക്കില്‍ ഇറക്കുകയായിരുന്നു. അന്നേരമാണ്, അതിവേഗതയില്‍ ട്രെയിന്‍ വന്നത്. 

അതിവേഗം പാഞ്ഞുവന്ന ട്രെയിന്‍ ട്രാക്കിനടുത്ത് നിര്‍ത്തിയിട്ട വിമാനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിമാനാവശിഷ്ടങ്ങള്‍ പറന്നുപോയി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റിനെ അത്ഭുതകരമായി പൊലീസ് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ട്രെയിനിലുള്ള ആര്‍ക്കും പരിക്കില്ല. 

അമേരിക്കയിലെ ലോസ്എയ്ഞ്ചലസിലാണ് സംഭവം. സാന്‍ഫെര്‍നാന്‍ഡോയിലെ റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ട ഒറ്റ എന്‍ജിനുള്ള സിസാന വിമാനമാണ് ഉച്ചയ്ക്ക് രണ്ടു മണിക്ക് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറു മൂലം ഒരു തവണ നിലത്തിറക്കാനാവാതായ വിമാനം വ്ീണ്ടും ഉയര്‍ന്നുപൊങ്ങി റെയില്‍വേ ട്രാക്കില്‍ ഇറക്കുകയായിരുന്നു. അന്നേരമാണ്, അതിവേഗതയില്‍ ട്രെയിന്‍ വന്നത്. കുതിച്ചുവന്ന ട്രെയിന്‍ ഉടന്‍ തന്നെ വിമാനത്തെ തട്ടിത്തെറിപ്പിച്ച് കടന്നുപോയി. വിമാനാവശിഷ്ടങ്ങള്‍ പലയിടങ്ങളിലേക്ക് ചിതറിത്തെറിച്ചുപോയി. 

വിമാനത്തിന്റെ കോക്പിറ്റ് റെയില്‍വേ ട്രാക്കിനടുത്താണ് തെറിച്ചുവീണത്. ആ നിമിഷം തന്നെ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ 70-കാരനായ പൈലറ്റിനെ വലിച്ച് പുറത്തെടുത്തതായി ലോസ് എയ്ഞ്ചലസ് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ തൊട്ടുപിന്നാലെ പൊലീസ് ട്വീറ്റ് ചെയ്തു. 

 

 

പൊലീസുകാര്‍ ചേര്‍ന്ന് ചോരയില്‍ കുളിച്ചു കിടക്കുന്ന പൈലറ്റിനെ പുറത്തേക്ക് വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇദ്ദേഹത്തെ അടിയന്തിര ശുശ്രൂഷയ്ക്ക് വിധേയമാക്കി. ഗുരുതരമായ മുറിവേറ്റുവെങ്കിലും പൈലറ്റിന്റെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. 

അപകടം നടന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൈലറ്റിനെ വലിച്ചു പുറത്തിട്ട് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ലോസ് ഏയ്ഞ്ചലസ് പൊലീസ് അഭിനന്ദിച്ചു. 

സമീപത്തുണ്ടായിരുന്ന ലൂയി ജിമെന്‍സ് എന്ന 21-കാരനാണ് ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്നതിനിടെ തന്റെ ദേഹത്ത് വിമാനത്തിന്റെ ഒരു ചെറിയ അവശിഷ്ടം പതിച്ചതായി മ്യൂസിക് കംപോസറായ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 
 

PREV
click me!

Recommended Stories

ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് യുഎസ് പ്രൊഫസർ; ന‍ൃത്തം ഏറ്റെടുത്ത് നെറ്റിസെന്‍സ്
ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ