ജോലി സംബന്ധമായി ഇന്ത്യയിൽ താമസിച്ച ഒരു ഫ്രഞ്ച് യുവതി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ പല കാര്യങ്ങളിലും ഫ്രാൻസിനേക്കാൾ ഏറെ മുന്നിലാണെന്നാണ് യുവതി പറയുന്നത്.
ഇന്ത്യയിലെ ജീവിതരീതികളെയും സൗകര്യങ്ങളെയും പ്രശംസിച്ച് ഒരു ഫ്രഞ്ച് യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. വികസിത രാജ്യമായ ഫ്രാൻസിനേക്കാൾ പല കാര്യങ്ങളിലും ഇന്ത്യ എത്രയോ മുന്നിലാണെന്ന് ഇവർ തന്റെ വീഡിയോയിലൂടെ അവകാശപ്പെടുന്നു. 'ഫ്രെൽഡവേ' (Freldaway) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫ്രഞ്ച് യുവതി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ജോലി ആവശ്യത്തിനായി ഇന്ത്യയിൽ താമസിച്ചപ്പോൾ താൻ മനസ്സിലാക്കിയ കാര്യങ്ങളാണ് യുവതി പങ്കുവെച്ചത്. അവരുടെ പോസ്റ്റിലെ പ്രധാന കാര്യങ്ങൾ ഇവയാണ്, ഫ്രാൻസിലെ ജീവിതം വ്യക്തികേന്ദ്രീകൃതമാണെങ്കിൽ ഇന്ത്യയിൽ എല്ലാവരും ഒരു വലിയ കുടുംബം പോലെ പരസ്പരം സഹായിക്കുന്നവരാണെന്ന് യുവതി പറയുന്നു. 'എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ടാവുകയും സഹായിക്കാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്ന ഇന്ത്യ താമസിക്കാൻ ഏറ്റവും മനോഹരമായ ഇടമാണ്' അവർ കുറിച്ചു.
ഫ്രാൻസിൽ മനോഹരമായ പ്രകൃതി ഉണ്ടെങ്കിലും വൈവിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയാണ് മുന്നിലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. മരുഭൂമികളും മലനിരകളും കടൽതീരങ്ങളും കാടുകളും കായലുകളും നിറഞ്ഞ ഇന്ത്യയിൽ ഒരാൾ ആഗ്രഹിക്കുന്ന ഏത് കാലാവസ്ഥയും ലഭ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ തുണിത്തരങ്ങളിലെ കരകൗശല വിദ്യയും എംബ്രോയിഡറിയും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിൽ സാധാരണക്കാർ ധരിക്കുന്ന കുർത്തികൾ പോലും ഫ്രാൻസിൽ വലിയ വിലയുള്ള 'ലക്ഷ്വറി' ഫാഷനായാണ് കണക്കാക്കപ്പെടുന്നതെന്നും അവർ പറഞ്ഞു.
'ഫ്രാൻസ് ഇന്ത്യയേക്കാൾ എത്രയോ പിന്നിലാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ പോസ്റ്റ് നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ഇന്ത്യക്കാരാണ് അഭിനന്ദനങ്ങളുമായി എത്തുന്നതും. സ്വന്തം രാജ്യത്തെക്കുറിച്ച് ഇത്രയും നല്ല കാര്യങ്ങൾ ഒരു വിദേശി പറയുന്നത് കേൾക്കാൻ സന്തോഷമുണ്ടെന്ന് പലരും കമന്റ് ചെയ്തു .
