
സാന്താ ക്ലോസില്ലാതെ എന്ത് ക്രിസ്മസ്? സാന്ത കൊണ്ടുവരുന്ന ക്രിസ്മസ് സമ്മാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. എന്നാൽ, അതേ സാന്തയെ തന്നെ പൊലീസ് തടഞ്ഞാലെന്ത് ചെയ്യും? അതുപോലെ രസകരമായ ഒരു സംഭവമാണ് ഒഹായോയിൽ നടന്നത്. ക്രിസ്മസ് തിരക്കിനിടയിൽ അമിതവേഗത്തിൽ വാഹനമോടിച്ച സാന്താ ക്ലോസിനെയും 'മിസിസ് ക്ലോസി'നെയും പൊലീസ് പിടികൂടുകയായിരുന്നു. അമേരിക്കയിലെ ഒഹായോയിലുള്ള ഫുൾട്ടൺ കൗണ്ടിയിലാണ് ഈ സംഭവം നടന്നത്. സാന്താ ക്ലോസിന്റെ വേഷം ധരിച്ച വയോധികനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു.
പതിവ് പട്രോളിംഗിനിടെയാണ് പൊലീസ് അമിതവേഗത്തിൽ വന്ന ഒരു കാർ തടഞ്ഞുനിർത്തിയത്. കാറിനടുത്തേക്ക് ചെന്ന ഉദ്യോഗസ്ഥൻ അതിനകത്തേക്ക് ടോർച്ച് തെളിച്ച് നോക്കിയപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ അമ്പരപ്പിച്ചു. 'സാന്താ ക്ലോസും മിസിസ് ക്ലോസും' കാറിനുള്ളിലിരിക്കുന്നു! പരിശോധനയ്ക്കിടെ തന്റെ കൈവശം ലൈസൻസുള്ള ഒരു തോക്കുണ്ടെന്ന് (CCW) സാന്താ വെളിപ്പെടുത്തി. 'സാന്തായുടെ കൈവശം തോക്കോ? കാലം അത്ര നല്ലതല്ലെന്ന് തോന്നുന്നു' എന്നായിരുന്നു ഇതിനോടുള്ള പൊലീസുകാരന്റെ തമാശരൂപത്തിലുള്ള പ്രതികരണം. ഇതിന് മറുപടിയായി 'ഈ പ്രദേശം പണ്ടത്തെപ്പോലെയല്ല' എന്ന് മിസിസ് ക്ലോസ് തമാശയായി തന്നെ മറുപടി പറയുകയും ചെയ്തു. മകളുടെ അടുത്തേക്കാണ് തങ്ങൾ പോകുന്നത് എന്നും സാന്ത പറഞ്ഞു.
എന്തായാലും, ക്രിസ്മസ് ആയതിനാൽ തന്നെ സാന്തയിൽ നിന്നും പിഴയൊന്നും ഈടാക്കാൻ ഉദ്യോഗസ്ഥൻ നിന്നില്ല. 'ഇനി വേഗത കുറച്ച് ഓടിക്കണം' എന്ന മുന്നറിയിപ്പ് സന്ഹേത്തോടെ നൽകി അവരെ വിട്ടയക്കുകയായിരുന്നു. അതിന് മുമ്പ് സാന്തായ്ക്കൊപ്പം ഒരു സെൽഫി എടുക്കാനും അദ്ദേഹം മറന്നില്ല. ഫുൾട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് തന്നെയാണ് സംഭവത്തിന്റെ ബോഡികാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.