
അതിർത്തികളും രാഷ്ട്രീയവും മാറുമെങ്കിലും ആൾദൈവങ്ങൾക്ക് ഭൂമിയിൽ ഒരു പഞ്ഞമില്ല. ലോകത്തെല്ലായിടത്തും പല വേഷത്തിലും പല ആരാധനകളും പിൻപറ്റുന്ന നൂറുകണക്കിന് ആൾദൈവങ്ങളെ കാണാൻ കഴിയും. അക്കൂട്ടത്തിൽ അടുത്ത കാലത്ത് ഏറെ പ്രശസ്തനായ ഒരു ആൾദൈവമാണ് 'എബോ ജീസസ്' എന്നും 'എബോ നോഹ' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത പ്രവാചകൻ. എബോ ജീസസ് പ്രശസ്തനായത്, 2025 ഡിസംബർ 25 -ന് ലോകം അവസാനിക്കുമെന്ന പ്രഖ്യാപനത്തോടെയാണ്. ക്രിസ്മസ് ദിനത്തിൽ ലോകാവസാനം പ്രവചിച്ച് വൈറലായ ഘാനക്കാരനായ എബോ ജീസസ്, ഇപ്പോൾ അതിന് സമയമായിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
2025 ഡിസംബർ 25 ന് ആരംഭിക്കുന്ന ഒരു മഹാദുരന്തത്തെക്കുറിച്ച് ദിവ്യദർശനം ലഭിച്ചെന്നും ആ മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ ബൈബിൾ കഥയിലെ നോഹയുടെ പെട്ടകം നിർമ്മിക്കണമെന്നും അവകാശപ്പെട്ട എബോ, മാസങ്ങളായി അതിന്‍റെ പണിയിലായിരുന്നു. ബൈബിളിലെ മഹാപ്രളയത്തിന് സമാനമായി, മൂന്ന് വർഷത്തേക്ക് ലോകത്ത് തുടർച്ചയായി മഴ പെയ്യുമെന്ന് അവകാശപ്പെട്ട എബോ, അതിൽ നിന്നും മനുഷ്യരാശിക്കും മറ്റ് ജീവജാലങ്ങൾക്കും രക്ഷപ്പെടാനായി നോഹുടെ പെട്ടകം നിർമ്മിക്കാൻ ആരംഭിച്ചു.
ഇതോടെയാണ് അദ്ദേഹം എബോ നോഹ എന്നറിയപ്പെട്ടു തുടങ്ങിയത്. കുറച്ച് മാസങ്ങളായി അദ്ദേഹം ഈ പെട്ടകത്തിന്‍റെ നിർമ്മാണത്തിലായിരുന്നു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പെട്ടക നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളും അദ്ദേഹം പങ്കുവച്ചു. ഇതുവഴി ചെറിയൊരു ആരാധക വൃത്തത്തെയും അദ്ദേഹം സൃഷ്ടിച്ചെടുത്തു.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ എബോയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമാണ് നിറയുന്നത്. തന്‍റെ പ്രവചനത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതിരുന്നിട്ടും എബോ തന്‍റെ പെട്ടക നിർമ്മാണവുമായി മുന്നോട്ട് പോയി. അതേസമയം അദ്ദേഹം നിർമ്മിക്കുന്ന ബോട്ടിന് എഞ്ചിനുകളോ നാവിഗേഷൻ സംവിധാനങ്ങളോ ഇല്ലെന്നും അതിശക്തമായ മഴയെയും നീണ്ടു നിൽക്കുന്ന വെള്ളപ്പൊക്കത്തെയും അതിജീവിക്കാൻ ആവശ്യമായ കരുത്തില്ലെന്നും നെറ്റിസെൻസ് ചൂണ്ടിക്കാട്ടി. ഇത്തരം അസംബന്ധങ്ങൾ കാണിക്കുന്നതിൽ നിന്നും ആളുകളെ വിലക്കണമെന്നും ഇത്തരം ആളുകൾക്കെതിരെ കർശനമായ നിയമം വേണമെന്നും അറസ്റ്റ് ചെയ്യണമെന്നും മറ്റ് ചിലർ ആവശ്യപ്പെട്ടു.