
സോഷ്യൽ മീഡിയ ഒരു വല്ലാത്ത ലോകമാണ്. എന്തിലും ഏതിലും തെറ്റും കുറ്റവും കുറവുകളും മാത്രം കാണുന്ന മനുഷ്യർ. ഒന്നിനെയും അഭിനന്ദിക്കാനോ സ്നേഹിക്കാനോ കഴിയാതെ വെറുപ്പും വിദ്വേഷവും നിറഞ്ഞ കമന്റുകളിടുന്നവരെ ഒരുപാട് അവിടെ കാണാം. അത്തരം വിദ്വേഷ കമന്റുകളും പരിഹാസങ്ങളും ഒരുപാടേൽക്കേണ്ടി വന്ന അനേകരുണ്ട്. അതിലൊരാളായിരുന്നു പ്രാചി നിഗം.
ഉത്തർ പ്രദേശിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലം വന്നപ്പോൾ 98.5 മാർക്ക് വാങ്ങി ഒന്നാമതെത്തിയ മിടുക്കി. എന്നാൽ, അവളെ അഭിനന്ദിക്കുന്നതിന് പകരം പലരും ചെയ്തത് അവളെ പരിഹസിക്കുകയായിരുന്നു. അതിന് കാരണമായിത്തീർന്നത് അവളുടെ മുഖത്ത് വളർന്ന രോമങ്ങളും. അവളെ അറിയുകയേ ചെയ്യാത്ത മനുഷ്യരാണ് ആ കുട്ടിയുടെ നേട്ടങ്ങളിൽ അവളെ അഭിനന്ദിക്കുന്നതിന് പകരം പരിഹാസവുമായി എത്തിയത്.
'ആ പ്രതികരണങ്ങൾ വേദനിപ്പിച്ചു. പക്ഷേ, സോഷ്യൽ മീഡിയയിൽ ഉള്ള ആളുകൾ അവർക്ക് തോന്നിയതെല്ലാം പറയും. ഒന്നിനും അതിനെ തടയാൻ സാധിക്കില്ല' എന്നാണ് ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ അവൾ പറഞ്ഞത്. ഇപ്പോൾ വൈറലാവുന്നത് പ്രാചിയുടെ മറ്റൊരു വീഡിയോയാണ്. വീഡിയോ പങ്കുവച്ചത് അനിഷ് ഭഗത് ആണ്. പ്രാചിക്ക് ഒരു ഗ്ലോ അപ്പ് നൽകാനാണ് താൻ പോകുന്നത് എന്നാണ് യുവാവ് പറയുന്നത്.
വീഡിയോ കാണുന്ന ഒരാൾ പ്രാചിയുടെ മേക്കോവറായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാൽ, അവസാനവും പ്രാചിയെ അതുപോലെ കാണാം. 'താൻ ഒട്ടും മാറിയിട്ടില്ല' എന്നാണ് അവൾ പറയുന്നത്. പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകി. അവളെ മാറ്റാൻ ശ്രമിക്കാത്തതിന് നന്ദി എന്നാണ് പലരും പറഞ്ഞത്. വീഡിയോയുടെ അവസാനം പ്രാചി പറയുന്നത്, 'പ്രിയപ്പെട്ട സ്ത്രീകളെ, ഒരിക്കലും തകർന്നിട്ടില്ലാത്ത ഒന്നിനെ കൂട്ടിയോജിപ്പിക്കാൻ നോക്കരുത്' എന്നാണ്.
വൈറലായ വീഡിയോ കണ്ടുനോക്കാം: