
സിൻസിനാറ്റിയിലെ ഒരു പ്രമുഖ ടെലിവിഷൻ വാർത്താ ഏജൻസിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവനക്കാരെ പേടിപ്പിച്ച് ഒരു അജ്ഞാതൻ കറങ്ങി നടക്കുന്നുണ്ട്. എന്നാൽ, സംഗതി ആരാണ് എന്ന് കണ്ടെത്തിയപ്പോൾ ഭയം ചിരിക്ക് വഴിമാറി. അമേരിക്കയിലെ സിൻസിനാറ്റിയിലുള്ള 'ലോക്കൽ 12' എന്ന പ്രമുഖ ചാനലിലാണ് ഈ രസകരമായ സംഭവം നടന്നത്. പുറത്തെ കഠിനമായ മഞ്ഞുവീഴ്ചയിൽ നിന്നും തണുപ്പിൽ നിന്നും രക്ഷപ്പെടാനാണ് ഒരു റാക്കൂൺ രഹസ്യമായി ഓഫീസിനുള്ളിൽ താവളമടിച്ചത്. കുറെ നാളുകളായി ഓഫീസിനുള്ളിൽ ആരോ ഉണ്ടെന്ന സംശയം ജീവനക്കാർക്ക് ഉണ്ടായിരുന്നു. തട്ടലും മുട്ടലും കാൽപ്പെരുമാറ്റവും ഒക്കെ കേൾക്കാമായിരുന്നു. ഒരു രാത്രി വൈകി ജോലി ചെയ്യുകയായിരുന്ന എഞ്ചിനീയറാണ് ന്യൂസ് റൂമിനുള്ളിൽ ഈ 'അതിഥിയെ' നേരിട്ട് കണ്ടത്.
ജീവനക്കാരനായ നോഹ ഷൂലർ പകർത്തിയ വീഡിയോയിൽ, മാലിന്യമിടുന്ന പാത്രത്തിനുള്ളിൽ ഭക്ഷണം തിരയുന്ന റാക്കൂണിനെ കാണാം. പാത്രം മറിച്ചിടാൻ നോക്കുന്നതിനിടെ പെട്ടെന്ന് അത് ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ചാനലിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ജോൺ ഗം ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി മാറി. ഇവനൊരു എംപ്ലോയി ബാഡ്ജ് കൊടുക്കൂ എന്നായിരുന്നു ചിലർ കമന്റ് നൽകിയത്. ചാനലിലെ പുതിയ സ്റ്റാഫ് അംഗമായി റാക്കൂൺ ചേർന്നുകഴിഞ്ഞു എന്ന് മറ്റ് ചിലർ കമന്റ് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ ഇതുപോലെ വിർജീനിയയിൽ നടന്ന സമാനമായ ഒരു സംഭവവും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. അന്ന് ഒരു മദ്യശാലയിൽ അതിക്രമിച്ചു കയറിയ റാക്കൂൺ, അവിടെയുണ്ടായിരുന്ന മദ്യം കുടിച്ച് ലക്കില്ലാതെ ടോയ്‌ലറ്റിന് സമീപം ബോധരഹിതനായി കിടന്നത് വലിയ വാർത്തയായി മാറിയിരുന്നു .