
സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന 80 വയസ്സുകാരനായ ഹോമിയോപ്പതി ഡോക്ടറെ സന്നദ്ധ സംഘടന പ്രവർത്തകർ രക്ഷപ്പെടുത്തി. ഹരിയാനയിലെ കർണാൽ ജില്ലയിൽ മീര ഘാട്ടി ചൗക്കിന് സമീപമാണ് സംഭവം. 'അപ്ന ആശിയാന' (Apna Ashiana) എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് ഡോ. ഹർനൈൽ സിംഗിനെ ദയനീയ സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചത്.
ഏകദേശം 18 മാസത്തോളമായി ഇദ്ദേഹം വസ്ത്രം മാറിയിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശാരീരികമായി അവശനായ അദ്ദേഹം മാസങ്ങളായി കിടപ്പിലായിരുന്നു. സ്വന്തം വിസർജ്യങ്ങൾക്കിടയിൽ, ഭക്ഷണവും വെള്ളവുമില്ലാതെ അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ നൽകിയ വിവരമനുസരിച്ചാണ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി പരിശോധിച്ചത്.
സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബമാണ് ഇദ്ദേഹത്തിന്‍റെത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് മക്കളും ഓസ്‌ട്രേലിയയിലാണ് താമസം. ഭാര്യ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മക്കൾക്കൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു. ഇവർക്ക് സെക്ടർ 7 -ൽ വലിയൊരു വീടുണ്ടെങ്കിലും, അവിടെ നിൽക്കാൻ തയ്യാറാകാതെ ഡോക്ടർ തന്‍റെ പഴയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് ഭാര്യയെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം മാനസികമായി അത്ര സുഖകരമായ അവസ്ഥയിലല്ലെന്നും അതുകൊണ്ട് തനിയെ താമസിക്കാൻ സ്വയം തീരുമാനിച്ചതാണന്നുമാണ് അവർ പ്രതികരിച്ചത്. അദ്ദേഹത്തെ നോക്കാൻ സെക്ടർ 7-ലെ വീട്ടിൽ ഒരു സഹായിയെ നിർത്തിയിരുന്നതായും അവർ അവകാശപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചിരുന്ന ഒരു ഡോക്ടർക്ക് സ്വന്തം വീട്ടിൽ ഈ ഗതി വന്നത് ഒരു വലിയ ധാർമ്മിക വീഴ്ചയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അച്ഛനമ്മമാരെ നോക്കാൻ കഴിയില്ലെങ്കിൽ വിദേശത്തെ വിജയം കൊണ്ട് എന്ത് പ്രയോജനമെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഒന്നര വർഷത്തോളം ഇദ്ദേഹം ഈ അവസ്ഥയിൽ കഴിഞ്ഞിട്ടും അയൽക്കാരോ ബന്ധുക്കളോ അന്വേഷിച്ചില്ലെന്നത് സമൂഹത്തിന്‍റെ വലിയ പോരായ്മയായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രിബ്യൂൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം സന്നദ്ധ സംഘടനയായ അപ്ന ആശിയാനയുടെ പ്രവർത്തകനായ രാജ് കുമാർ അറോറയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി അവരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും സംഘടന അറിയിച്ചു.