
വിവാഹവീടുകളിൽ നിന്നുള്ള അനേകം മനോഹരങ്ങളായതും അതുപോലെ തന്നെ രസകരമായതുമായ മുഹൂർത്തങ്ങളുടെ വീഡിയോകൾ മിക്കവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും, നെറ്റിസൺസിന് ഇത്തരം വീഡിയോകൾ വലിയ താല്പര്യവുമാണ്. ഏറെ ആസ്വദിച്ചും ചിരിച്ചും ആളുകൾ അത്തരം വീഡിയോകൾ കാണാറുണ്ട്. എന്നാൽ, വിവാഹവീട്ടിലേക്കുള്ള തികച്ചും അപൂർവമായ ഒരു അതിഥിയുടെ വരവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, nepalinlast24hr എന്ന യൂസറാണ്. വിവാഹവീട്ടിലേക്ക് ഒരു കാണ്ടാമൃഗം നടന്നു വരുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ കാണുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ യാതൊരു സങ്കോചവും കൂടാതെ കാണ്ടാമൃഗം വിവാഹത്തിന്റെ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് നടന്നു ചെല്ലുന്നത് കാണാം. ചിത്വാൻ നാഷണൽ പാർക്കിൽ നിന്നാണ് ഈ കാണ്ടാമൃഗം വിവാഹം നടക്കുന്ന സ്ഥലത്തെത്തിയത് എന്നാണ് കരുതുന്നത്.
ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന വിവാഹവീടാണ് വീഡിയോയിൽ കാണുന്നത്. വിവാഹാഘോഷം നടക്കുന്നിടത്തേക്ക് കാണ്ടാമൃഗം കടന്നു വന്നത് ഒരേ സമയം അതിഥികളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ചിത്വാനിലെ ഒരു വിവാഹത്തിൽ ഒരു അപ്രതീക്ഷിത സന്ദർശകൻ എത്തിയ അവിസ്മരണീയ കാഴ്ച എന്നും പറഞ്ഞാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ശാന്തതയോടും കൗതുകത്തോടും എത്തിയ ഈ കാണ്ടാമൃഗം അതിഥികളെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തുവെന്നും മനുഷ്യരും കാണ്ടാമൃഗങ്ങളും തമ്മിലുള്ള ചിത്വാനിലെ ഐക്യം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.
നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇതാണ് വൈൽഡ് കാർഡ് എൻട്രി എന്നതായിരുന്നു ഒരു രസികൻ കമന്റ്. ഇതാണ് ചീഫ് ഗസ്റ്റ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.