ബോട്ടിലേക്ക് എടുത്തുചാടി കടൽ സിംഹം, മറിഞ്ഞ് ബോട്ട്, ഭയപ്പെടുത്തുന്ന വീഡിയോ

By Web TeamFirst Published Sep 9, 2022, 10:17 AM IST
Highlights

അതെങ്ങാനും ബോട്ടിന്റെ അകത്തേക്ക് വീണിരുന്നു എങ്കിൽ ആർക്കെങ്കിലും ​ഗുരുതരമായി പരിക്കേറ്റേനെ എന്ന് ഇവർ പറയുന്നു. വെള്ളത്തിലേക്ക് തന്നെ വീണെങ്കിലും കടൽസിംഹം അവരുടെ ബോട്ടിനെ തീരത്ത് വരെ പിന്തുടർന്നു. 

ബ്രിട്ടീഷ് കൊളംബിയ തീരത്ത് മത്സ്യബന്ധനം നടത്തുന്ന രണ്ട് പേർ ഞെട്ടിപ്പോയ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കൊലയാളി തിമിം​ഗലത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഒരു കടൽ സിംഹം അവരുടെ ബോട്ടിനടുത്തേക്ക് ചാടി. ബോട്ട് ഏറെക്കുറെ മറിഞ്ഞു. കണ്ടാൽ തന്നെ പേടിയാകുന്ന വീഡിയോ ആണ് വൈറലായത്.

ഏണസ്‌റ്റ്, വിസിയ ഗോഡെക്ക് എന്നിവർ വിക്ടോറിയയ്‌ക്കടുത്തുള്ള പെഡർ ബേയിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. മൂന്ന് കൊലയാളി തിമിം​ഗലങ്ങൾ അവരുടെ ബോട്ടിനടുത്ത് എത്തി. ബോട്ടിനടിയിൽ നിന്നുമാണെങ്കിൽ എന്തൊക്കെയോ ശബ്ദവും അനക്കവും കേൾക്കാനും തുടങ്ങി. പെട്ടെന്ന് കടൽ സിംഹം ബോട്ടിനടുത്തേക്ക് ചാടിയപ്പോഴാണ് കൊലയാളി തിമിം​ഗലങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കടൽ സിംഹം ആണ് അതെന്ന് ഇരുവർക്കും മനസിലായത്. 

പെട്ടെന്ന് ബോട്ട് മറിഞ്ഞു, ബോട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി. തങ്ങൾ മറിഞ്ഞ് വീഴും എന്നാണ് കരുതിയത് എന്ന് ഏണസ്റ്റ് പറയുന്നു. എന്നിരുന്നാലും, നിമിഷങ്ങൾക്കകം ബോട്ട് തന്നെത്താനെ ശരിയാവുകയും കടൽ സിംഹം വെള്ളത്തിലേക്ക് തന്നെ പോവുകയും ചെയ്തു. 

ബോട്ടിന്റെ ഓപ്പറേറ്ററായ മാർക്ക് മല്ലെസൺ, കടൽ സിംഹത്തിന്റെ ഭാരം 700 മുതൽ 800 പൗണ്ട് വരെയുണ്ടാകും എന്ന് പറയുന്നു. അതെങ്ങാനും ബോട്ടിന്റെ അകത്തേക്ക് വീണിരുന്നു എങ്കിൽ ആർക്കെങ്കിലും ​ഗുരുതരമായി പരിക്കേറ്റേനെ എന്ന് ഇവർ പറയുന്നു. വെള്ളത്തിലേക്ക് തന്നെ വീണെങ്കിലും കടൽസിംഹം അവരുടെ ബോട്ടിനെ തീരത്ത് വരെ പിന്തുടർന്നു. 

തിമിംഗലത്തെ നിരീക്ഷിക്കുകയായിരുന്ന ഒരു ബോട്ടിലുണ്ടായിരുന്ന ആളുകളാണ് അൽപ്പം അകലെ നിന്ന് ഈ സംഭവം ഫോട്ടോകളിലും വീഡിയോകളിലും പകർത്തിയത്. നേരത്തെ, രണ്ട് കടൽ സിംഹങ്ങൾ ഒരു ബോട്ടിൽ സവാരി ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയും വൈറലായിരുന്നു. 

click me!