
ഇന്ത്യയിലെ ട്രെയിനുകളെ കുറിച്ച് ചില പരാതികളെല്ലാം ഉയരാറുണ്ട്. സൗകര്യക്കുറവും തിരക്കും എല്ലാം ഇതിൽ പെടുന്നു. എന്നാൽ, ഇതിൽ ഏറ്റവും പുതിയതായി ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്, കനത്ത മഴയെത്തുടർന്ന് ചോർന്നൊലിക്കുന്ന ശതാബ്ദി എക്‌സ്‌പ്രസിൽ നിന്നുള്ള ഒരു വീഡിയോയാണ്. എസി കോച്ച് ചോർന്നൊലിച്ചതോടെ റെയിൽവേ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത യാത്രക്കാരനാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹൗറ - ന്യൂ ജൽപായ്ഗുരി ശതാബ്ദി എക്‌സ്‌പ്രസിലാണ് സംഭവം നടന്നത്. കനത്ത മഴ പെയ്തതോടെ ട്രെയിനിന്റെ മേൽക്കൂരയിലൂടെ വെള്ളം സീറ്റുകളിലേക്ക് വീഴുകയായിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചുകൊണ്ട് യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെടുന്നതും ഇതിന് ഉത്തരവാദികൾ ആരാണെന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവർ ഇത്തരം സാഹചര്യങ്ങളിലാണോ യാത്ര ചെയ്യേണ്ടതെന്നും യാത്രക്കാരൻ ആവർത്തിച്ച് ചോദിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരൻ വീണ്ടും ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിനിടയിൽ, റെയിൽവേ ഉദ്യോഗസ്ഥൻ ഫോണിലൂടെ മറ്റ് ജീവനക്കാരെ വിളിച്ച് വിവരമറിയിക്കുന്നതും വീഡിയോയിൽ കേൾക്കാം. C6 കോച്ചിലെ 70, 71, 72 സീറ്റുകൾക്ക് സമീപമാണ് വെള്ളം വീഴുന്നതെന്നാണ് അദ്ദേഹം ഫോണിൽ പറയുന്നത്.
Look at the condition of the Shatabdi Express, one of the country's premier trains. This government does not maintain it properly. By intimidating the media, they can portray everything in the country as being fine. Come down to the ground reality and see for yourself. pic.twitter.com/3ClsbPOfcY
— সাবির (@SabirAl72017365) June 11, 2026
ഇന്ത്യയിലെ പ്രീമിയം ട്രെയിൻ സർവീസുകളിലൊന്നായ ശതാബ്ദി എക്‌സ്‌പ്രസിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നതെന്നും യാത്രക്കാരൻ ചോദിക്കുന്നുണ്ട്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്നത്. യാത്രക്കാരൻ സംഭവം ചോദ്യം ചെയ്തത് നന്നായി എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ ഉദ്യോഗസ്ഥൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ അനാവശ്യമായി കുറ്റപ്പെടുത്തിയത് ശരിയായില്ല എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയവരും ഉണ്ട്.