കണ്ണ് നനയാതെ കാണാനാവില്ല, 75 വർഷങ്ങൾക്ക് മുമ്പ് പിരിയേണ്ടി വന്ന സഹോദരങ്ങളുടെ കൂടിച്ചേരൽ

Published : May 27, 2023, 12:01 PM IST
കണ്ണ് നനയാതെ കാണാനാവില്ല, 75 വർഷങ്ങൾക്ക് മുമ്പ് പിരിയേണ്ടി വന്ന സഹോദരങ്ങളുടെ കൂടിച്ചേരൽ

Synopsis

ഇരുവരുടെയും ഒന്നുചേരൽ വളരെ വികാരനിർഭരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൂമാലകൾ ഇട്ടും മധുരം പങ്കുവച്ചുമാണ് ഇരുവരുടേയും കുടുംബങ്ങൾ ഈ ഒന്നുചേരൽ ആഘോഷിച്ചത്.

വിഭജനം എല്ലാക്കാലത്തും മുറിവേൽപ്പിക്കുന്ന ഒന്ന് തന്നെയാണ്. പ്രിയപ്പെട്ട ഇടവും മനുഷ്യരെയും ഒക്കെ ഉപേക്ഷിച്ച് പോകേണ്ടി വരുന്നവർ വിഭജനങ്ങളിലെ തീരാവേദനയാണ്. 1947 -ലെ ഇന്ത്യാ-പാക് വിഭജനത്തിലും ഇത്തരത്തിലുള്ള തീരാനോവുകൾ ഒരുപാടുണ്ടാവുകയുണ്ടായി. പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നു. അങ്ങനെ പിരിയേണ്ടി വന്ന രണ്ട് സഹോദരങ്ങൾ ഇപ്പോൾ നീണ്ട 75 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയിരിക്കയാണ്. 

ഇന്ത്യയിൽ താമസിക്കുന്ന 81 -കാരിയായ മഹേന്ദ്ര കൗറാണ് തന്റെ സഹോദരനെ നീണ്ട കാലത്തിന് ശേഷം കണ്ടുമുട്ടിയത്. അടുത്തിടെ കുടുംബത്തോടൊപ്പം ഗുരുദ്വാര ദർബാർ സാഹിബ് കർത്താപൂർ സന്ദർശിക്കുകയായിരുന്നു അവർ. അവരുടെ 78 വയസ്സുള്ള സഹോദരൻ ഷെയ്ഖ് അബ്ദുൾ അസീസും പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ നിന്നും കർതാർപൂരിലേക്ക് എത്തിയിരുന്നു. അവിടെ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

നേരത്തെ തന്നെ വിവാഹിതനാവുകയും കുടുംബമായി കഴിയുകയും ഒക്കെ ചെയ്യുകയായിരുന്ന അദ്ദേഹത്തിന് എപ്പോഴും തന്റെ വേണ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ആ​ഗ്രഹം ഉണ്ടായിരുന്നു. വിഭജനസമയത്ത് വേർപിരിഞ്ഞവരെ കണ്ടെത്താൻ സഹായിക്കുന്ന ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ഇരുവർക്കും ഒന്നുചേരാനുള്ള അവസരം ഒരുക്കിയത്. 

ഇരുവരുടെയും ഒന്നുചേരൽ വളരെ വികാരനിർഭരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൂമാലകൾ ഇട്ടും മധുരം പങ്കുവച്ചുമാണ് ഇരുവരുടേയും കുടുംബങ്ങൾ ഈ ഒന്നുചേരൽ ആഘോഷിച്ചത്. ഇരുവരും നീണ്ട വർഷക്കാലത്തിന് ശേഷം കണ്ടുമുട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കണ്ണ് നനയാതെ ഹൃദയമുള്ളൊരാൾക്കും ഈ വീഡിയോ കാണാനാവില്ല എന്നാണ് പലരും പറഞ്ഞത്. തന്റെ അനുജനെ കെട്ടിപ്പിടിക്കുന്ന സഹോദരിയെ വീഡിയോയിൽ കാണാം. 

ഒരുപാട് കാലമായി അസീസ് തന്റെ സഹോദരിയെ കണ്ടെത്താനായി ശ്രമിച്ചിരുന്നു എങ്കിലും സാധിച്ചിരുന്നില്ല. കാലങ്ങൾ നീണ്ട ആ കാത്തിരിപ്പിനാണ് ഇതോടെ വികാരനിർഭരമായ അവസാനമായിരിക്കുന്നത്. 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും