ജോദ്പൂരിൽ ഒരു റസിഡന്‍റ് ഡോക്ടറും തട്ടുകടക്കാരനും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിന്‍റെ വീഡിയോ വൈറലായി. തന്നെ ബഹുമാനിക്കാൻ തട്ടുകടക്കാരന് പദവിയില്ലെന്ന് ഡോക്ടർ ആക്രോശിക്കുന്നത് കാണാം. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
സമൂഹത്തിലെ ഒരാളുടെ പദവിയാണ് അയാളെ ബഹുമാനിക്കാനുള്ള മാനദണ്ഡമായി ഇന്നും നമ്മളോരോരുത്തരും കണക്കാക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് കിട്ടുന്ന ബഹുമാനം ഒരിക്കലും അധികാരമില്ലാത്ത ഒരാൾക്ക് നൽകാൻ ആരും തയ്യാറാകില്ല. അത്തരമൊരു വിഷയത്തിൽ ഒരു ഡോക്ടറും തട്ടുകടക്കാരനും തമ്മിലുള്ള രുക്ഷമായ സംസാരം സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടി.
'തന്നെ ബഹുമാനിക്കാൻ പോലും യോഗ്യത ഇല്ലാത്തവർ'
ജോദ്പൂരിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ഹോസ്പിറ്റിലിന് മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കെഎൻ ചെസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു റസിഡന്‍റ് ഡോക്ടറും എംഡിഎം ഹോസ്പിറ്റലിന് മുന്നിലെ കാന്‍റീൻ നടത്തിപ്പുകാരനും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഡോക്ടർ ഒരു കാന്‍റീൻ ഓപ്പറേറ്ററുമായി ആക്രമണാത്മകമായി തർക്കിക്കുന്നതും പോലീസ് ഉദ്യോഗസ്ഥർക്കും സമീപത്തുണ്ടായിരുന്നവർക്കും നേരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും കാണാം. ഡോക്ടർ കാന്‍റീന്‍ നടത്തിപ്പുകാരൻറെ അമ്മയെ വരെ അധിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. താന്‍ ബഹുമാനം അർഹിക്കുന്നയാളാണെന്നും എന്നാൽ, അതിന് പോലും യോഗ്യത ഇല്ലാത്തവരാണ് കാന്‍റീന്‍ നടത്തിപ്പുകാരനെന്നും ഇയാൾ വിളിച്ച് പറയുന്നു.
വർക്ക് പ്രഷറെന്ന് ചിലർ, നടപടി വേണമെന്നും ആവശ്യം
വീഡിയോ വൈറലായതിന് പിന്നാലെ ഡോക്ടർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. അതേസമയം സമൂഹ മാധ്യമങ്ങളിലെ ഡോക്ടർമാർ, വർക്ക് പ്രഷർ കൊണ്ടാണ് ഡോക്ടർ ക്ഷേഭിച്ചതെന്ന് അവകാശപ്പെട്ടു. അതേസമയം ഡോക്ടർക്ക് മാന്യമായ ഭാഷ ഉപയോഗിക്കാമെന്നും കാന്‍റീന്‍ നടത്തിപ്പുകാരും മനുഷ്യരാണെന്നും മനുഷ്യൻ പരസ്പരം പദവി വച്ചല്ല ബഹുമാനം പ്രകടിപ്പിക്കേണ്ടതെന്നും മറ്റ് ചിലരും കുറിച്ചു. അസഭ്യമായ ഭാഷ ഉപയോഗിച്ചതിന് ഡോക്ടർക്കെതിരെ നടപടിവേണമെന്നും ചിലർ ആവശ്യപ്പെട്ടു.


