ഇന്ത്യയിൽ 1 ലക്ഷം ശമ്പളമുണ്ടെങ്കിൽ വിദേശത്തൊന്നും പോകണ്ട; പ്രവാസി പറയുന്നു

Published : Aug 31, 2026, 05:19 PM IST
viral video

Synopsis

"ഇന്ത്യയിൽ നിങ്ങൾക്ക് 1 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിൽ പിന്നെ എന്തിനാണ് വിദേശത്തേക്ക് വരുന്നത്? എന്റെ അഭിപ്രായത്തിൽ 1 ലക്ഷം എന്നല്ല, 70,000 മുതൽ 80,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെങ്കിൽ പോലും വിദേശത്തേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ല," മനീഷ് യാദവ് പറയുന്നു.

ഇന്ത്യയിൽ മാന്യമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ വിദേശത്തേക്ക് ചേക്കേറേണ്ടതുണ്ടോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത സംവാദം. യൂറോപ്പിൽ താമസിക്കുന്ന ഒരു ഇന്ത്യൻ ഇൻഫ്ലുവൻസർ പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. വിദേശത്തെ ഉയർന്ന ശമ്പളം ആകർഷകമായി തോന്നാമെങ്കിലും, ഉയർന്ന ജീവിതച്ചെലവ്, കടുത്ത ഒറ്റപ്പെടൽ, പ്രിയപ്പെട്ടവരിൽ നിന്നുള്ള അകൽച്ച എന്നിവ വലിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ പ്രതിമാസം 70,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരുമാനമുള്ളവർ വിദേശത്തേക്ക് കുടിയേറുന്നത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് 'rao_in_malta' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മനീഷ് യാദവ് പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

"ഇന്ത്യയിൽ നിങ്ങൾക്ക് 1 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിൽ പിന്നെ എന്തിനാണ് വിദേശത്തേക്ക് വരുന്നത്? എന്റെ അഭിപ്രായത്തിൽ 1 ലക്ഷം എന്നല്ല, 70,000 മുതൽ 80,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെങ്കിൽ പോലും വിദേശത്തേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ല," മനീഷ് യാദവ് പറയുന്നു.

വിദേശത്ത് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കുമെന്ന കാര്യം ശരിയാണെങ്കിലും, അത് വലിയ വ്യക്തിപരമായ ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടിലെ വിവാഹങ്ങൾ, മരണങ്ങൾ, മറ്റ് വിശേഷങ്ങൾ എന്നിവ നടക്കുമ്പോൾ കുടുംബാംഗങ്ങളെയും കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വരുന്ന വേദന ചെറുതല്ല. "ഇവിടെ നിങ്ങൾ കടുത്ത ഒറ്റപ്പെടൽ അനുഭവിക്കും. ആരും നിങ്ങളെ അന്വേഷിച്ച് വരില്ല, സംസാരിക്കാൻ പോലും ആളുകളുണ്ടാകില്ല. ഒരു പ്രതിമ പോലെ സ്വന്തം മുറിയിൽ ഒറ്റപ്പെട്ട് കഴിയേണ്ടി വരും" അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് ഉയർന്ന ശമ്പളം ലഭിച്ചാലും വീട്ടുവാടകയും ജീവിതച്ചെലവുകളും കഴിച്ചാൽ വലിയ തുക സമ്പാദിക്കാൻ കഴിയില്ല. യൂറോപ്പിൽ 1.5 ലക്ഷം രൂപ ശമ്പളം ലഭിച്ചാൽ പോലും 40,000 മുതൽ 50,000 രൂപ വരെ മാത്രമേ മിച്ചം പിടിക്കാനാകൂ. വിദേശവാസം ലാഭകരമാകണമെങ്കിൽ കുറഞ്ഞത് 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയെങ്കിലും മാസം ലഭിക്കണം. എന്നാൽ എല്ലാ ജോലികൾക്കും അത്തരം ഉയർന്ന ശമ്പളം ലഭിക്കാറുമില്ല.

അതേസമയം, വീഡിയോയുടെ ക്യാപ്ഷനിൽ വിദേശജീവിതത്തിന്റെ പോസിറ്റീവ് വശങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മികച്ച വർക്ക്-ലൈഫ് ബാലൻസ്, തൊഴിലിന്റെ മാന്യത, മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ, ഉയർന്ന കറൻസി മൂല്യം, ആഗോള അവസരങ്ങൾ എന്നിവ വിദേശജീവിതം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉയർന്ന ചെലവുകളും വീട്ടുകാര്യങ്ങൾ തനിയെ ചെയ്യേണ്ടിവരുന്ന ഉത്തരവാദിത്തങ്ങളും ഇതിന്റെ മറുപുറമാണ്.

വീഡിയോ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. കേവലം ശമ്പളം മാത്രം നോക്കിയാകരുത് വിദേശത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. "ഇന്ത്യയിൽ 1 ലക്ഷം രൂപ എന്നത് വളരെ നല്ല തുകയാണ്" എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "ഒരാളുടെ വ്യക്തിപരമായ മുൻഗണനകളെ ആശ്രയിച്ചാണ് ഇതിന്റെ ഉത്തരമിരിക്കുന്നത്" എന്ന് മറ്റൊരു വ്യക്തിയും കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തത്സമയ കുർബാനയ്ക്കിടെ വൈദികന്‍റെ തലയിൽ കൂറ്റൻ കുരിശ് വീണു! ദാരുണാന്ത്യം, സംഭവം എക്വഡോറിൽ
ഹരിദ്വാറിൽ ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി കാള; ഭക്തർക്കിടയിൽ പരിഭ്രാന്തിയും തിക്കും തിരക്കും, വീഡിയോ