ജോലിസമയം കഴിഞ്ഞ് ആളൊഴിഞ്ഞ ഓഫീസ്, അര മണിക്കൂർ വെറുതെ ഇരുന്നപ്പോൾ തെറാപ്പി പോലെയെന്ന് യുവാവ്

Published : Aug 01, 2026, 01:49 PM IST
viral video

Synopsis

വൈകുന്നേരം 7 മണിയോടെ സഹപ്രവർത്തകരെല്ലാം മടങ്ങിയ ശേഷമാണ് രോഹിത് വീഡിയോ പകർത്തിയത്. ഉടൻ തന്നെ ബാഗുമെടുത്ത് ഇറങ്ങാനോ ഫോണിൽ മുഴുകാനോ നിൽക്കാതെ, അരമണിക്കൂറോളം ശാന്തമായി അവിടെയിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

തിരക്കുപിടിച്ച ജോലിത്തിരക്കുകൾക്കും ഡിജിറ്റൽ ബഹളങ്ങൾക്കുമിടയിൽ അൽപ്പം ശാന്തതയും ആത്മപരിശോധനയും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, ജോലിസമയം കഴിഞ്ഞ്, പൂർണ്ണമായും ആളൊഴിഞ്ഞ തൻ്റെ ഓഫീസിലിരുന്ന് ആ ശാന്തത കണ്ടെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഹിത് ശർമ്മ എന്ന യുവാവാണ് വിജനമായ ഓഫീസിലെ തൻ്റെ വേറിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ഫോൺ, ലാപ്ടോപ്പ്, സഹപ്രവർത്തകരുടെ സംസാരം എന്നിവയൊന്നുമില്ലാത്ത ആ അന്തരീക്ഷം മനസ്സിന് വലിയ ആശ്വാസവും സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തമായി ചിന്തിക്കാൻ സമയവും നൽകിയെന്ന് രോഹിത് വ്യക്തമാക്കുന്നു.

വൈകുന്നേരം 7 മണിയോടെ സഹപ്രവർത്തകരെല്ലാം മടങ്ങിയ ശേഷമാണ് രോഹിത് വീഡിയോ പകർത്തിയത്. ഉടൻ തന്നെ ബാഗുമെടുത്ത് ഇറങ്ങാനോ ഫോണിൽ മുഴുകാനോ നിൽക്കാതെ, അരമണിക്കൂറോളം ശാന്തമായി അവിടെയിരിക്കുകയാണ് അദ്ദേഹം ചെയ്തത്. 'ഇപ്പോൾ സമയം വൈകുന്നേരം 7 മണിയായി. ചുറ്റും ഒരാൾ പോലുമില്ലാതെ ഞാൻ ഓഫീസിൽ തനിച്ചിരിക്കുകയാണ്. പൂർണ്ണമായ നിശ്ശബ്ദത. ഈ ശാന്തത ഒരു കണ്ണാടി പോലെയാണ് അനുഭവപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാൽ, മനസ്സിന് ഇതൊരു അപൂർവ്വമായ ആശ്വാസവും തെളിച്ചവും നൽകുന്നുണ്ട്. ഈ അരമണിക്കൂർ കൊണ്ട് എൻ്റെ ജീവിതത്തിലെ മുൻഗണനകളെക്കുറിച്ചും ശരിക്കും എന്താണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ചിന്തിക്കാൻ എനിക്ക് സാധിച്ചു' രോഹിത് ശർമ്മ പറയുന്നു.

അവസരം ലഭിക്കുമ്പോഴൊക്കെ എല്ലാവരും ഇത്തരമൊരു അനുഭവം പരീക്ഷിച്ചു നോക്കണമെന്നും രോഹിത് നിർദ്ദേശിക്കുന്നുണ്ട്. ലാപ്ടോപ്പോ ഫോണോ നോക്കാതെ ഏതാനും മിനിറ്റുകൾ ശാന്തമായിരുന്ന് മനസ്സിനെ നിരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം.

 

 

'ചില സമയങ്ങളിൽ ശാന്തമായ ഓഫീസ് അന്തരീക്ഷം അത്ഭുതങ്ങൾ സൃഷ്ടിക്കും' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമൻ്റുകളുമായി എത്തുന്നത്. പലരും രോഹിതിന്റെ നിരീക്ഷണത്തോട് യോജിക്കുകയും ജോലിത്തിരക്കുകൾക്കിടയിലെ ഇത്തരം ഒറ്റപ്പെടലുകൾ മനസ്സിന് ശാന്തത നൽകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ ചില ഉപയോക്താക്കൾ തമാശരൂപേണ ഇതിനോട് വിയോജിച്ചു. ഓഫീസിൽ അങ്ങനെ അധികനേരം ഇരിക്കാൻ താല്പര്യമില്ല എന്നാണ് പലരും പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'വർക്ക് ഫ്രം ഹോം' അത്ര ഈസിയല്ല, എന്നാലോ ജോലി ചെയ്യുന്നതാരും കാണുകയുമില്ല; വീഡിയോയുമായി യുവതി
3 മാസം, യുപിഐക്ക് പകരം പണം നേരിട്ടുപയോ​ഗിച്ചു, ചെലവിൽ വൻമാറ്റം