
പല തരത്തിലുള്ള വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്. അതിൽ തന്നെ വളരെ രസകരമായി കണ്ടുപോകാവുന്ന വീഡിയോകളുണ്ടാവും. എന്നാൽ, അതേസമയം തന്നെ നമ്മെ ഞെട്ടിക്കുന്ന, ഭയപ്പെടുത്തുന്ന പല വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും.
വിമാനത്തിൽ നിന്നും ഒരു ഗ്രൗണ്ട് സ്റ്റാഫ് താഴേക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇന്തോനേഷ്യ ട്രാൻസ്‌നൂസ എയർബസ് A320 വിമാനത്തിൽ നിന്നാണ് ജീവനക്കാരൻ താഴേക്ക് വീണത്. മറ്റ് രണ്ട് തൊഴിലാളികൾ സ്റ്റെപ്പ്‍ലാഡർ നീക്കം ചെയ്തതാണ് അപകടത്തിന് കാരണമായത്. മറ്റ് രണ്ടുപേർ ചേർന്ന് സ്റ്റെപ്പ്‍ലാഡർ നീക്കം ചെയ്യുന്നത് അപകടം സംഭവിച്ച ജീവനക്കാരൻ കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്.
ഇന്തോനേഷ്യയിലെ ജക്കാർത്ത എയർപോർട്ടിലാണ് അപകടം സംഭവിച്ചത് എന്നാണ് വിവിധ റിപ്പോർട്ടുകളിൽ നിന്നും മനസിലാവുന്നത്. അപകടം ഗുരുതരമല്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏവിയേഷൻ കൺസൾട്ടൻ്റ് സഞ്ജയ് ലാസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
വീഡിയോയിൽ ഫ്ലൂറസെന്റ് ഗ്രീൻ ജാക്കറ്റ് ധരിച്ച ഒരു ജീവനക്കാരൻ അകത്ത് ആരോടോ സംസാരിക്കുന്നതും പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, അതേ സമയത്ത് തന്നെയാണ് രണ്ട് ജീവനക്കാർ സ്റ്റെപ്പ്‍ലാഡർ നീക്കം ചെയ്യുന്നതും. ഇതോടെ ഇയാൾ നേരെ താഴേക്ക് വീഴുകയാണ്.
വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. മുന്നറിയിപ്പ് കൊടുക്കാതെ എങ്ങനെയാണ് സ്റ്റെപ്പ്‍ലാഡർ നീക്കം ചെയ്തത് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം