ഇന്ത്യയെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു, ഒരു കുപ്പി വെള്ളത്തിന്റെ വില; വൈകാരികമായ പോസ്റ്റുമായി യുവതി

Published : Mar 03, 2026, 09:04 PM IST
viral video

Synopsis

മുംബൈയിൽ നിന്ന് ഗോവയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന വിദേശ യുവതി ഇന്ത്യയില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.  

ഇന്ത്യയിലെത്തുന്ന വിദേശത്ത് നിന്നുള്ളവർ മിക്കവാറും അവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ആലീസിയ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യാത്ര തുടങ്ങുന്നതിന് മുൻപ് ഇന്ത്യയിൽ പോകുമ്പോൾ സൂക്ഷിക്കണം എന്നാണ് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയത് എന്ന് ആലീസിയ വീഡിയോയിൽ പറയുന്നത് കാണാം. എന്നാൽ തന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു എന്നാണ് അവർ പറയുന്നത്.

'ഇന്ത്യയിൽ പോകുമ്പോൾ സൂക്ഷിക്കണം എന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നത്. എന്തിനെയാണ് സൂക്ഷിക്കേണ്ടത്? ഇവിടുത്തെ മനുഷ്യരെ ഇത്രയധികം സ്നേഹിച്ചു പോകുന്നതിനെയാണോ? ഓരോ നിമിഷവും ഞാൻ അത്ഭുതപ്പെടുകയാണ്. എല്ലാവരും എന്നെ സഹായിക്കുന്നു. ഇത് അതിമനോഹരം തന്നെ' എന്നാണ് അലീസിയ പറയുന്നത്.

തന്റെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ പാവം ഒരു മനുഷ്യൻ തനിക്ക് കുടിവെള്ളം വാങ്ങി നൽകിയ സംഭവമാണ് ആലീസിയ എടുത്തു പറയുന്നത്. തന്റെ പക്കൽ പണമില്ലെന്ന് തോന്നിയിട്ടാകണം, ആ മനുഷ്യൻ ഒരു കുപ്പി വെള്ളം വാങ്ങി നിർബന്ധപൂർവ്വം തനിക്ക് നൽകിയെന്ന് അവർ പറയുന്നു. 'അദ്ദേഹത്തിന് ഒരുപക്ഷേ ഭക്ഷണം കഴിക്കാൻ പോലും പണം കാണില്ലായിരിക്കാം, എന്നിട്ടും എനിക്ക് ദാഹിക്കുന്നുണ്ടാകുമെന്ന് കരുതി തന്നോട് ആ സ്നേഹം കാണിച്ചു' ആലീസിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

 

ലോകം എത്രത്തോളം മോശമാണെന്ന് അറിയണമെങ്കിൽ വാർത്തകൾ ശ്രദ്ധിച്ചാൽ മതിയെന്നും, എന്നാൽ ലോകം എത്രമാത്രം സുന്ദരമാണെന്ന് മനസ്സിലാക്കണമെങ്കിൽ യാത്ര ചെയ്താൽ മതി എന്നും ആലീസിയ വീഡിയോയിൽ പറയുന്നു. സ്ത്രീ ശാക്തീകരണത്തിനായി മുംബൈ മുതൽ ഗോവ വരെയുള്ള ഗ്രാമങ്ങളിലൂടെ ഓടിയാണ് അവർ ഈ യാത്ര പൂർത്തിയാക്കുന്നത്.

3.4 മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. 'ഇതാണ് ഞങ്ങൾ കാണുന്ന, ഞങ്ങൾ ജീവിക്കുന്ന യഥാർത്ഥ ഇന്ത്യ' എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

മെൽബണിലെ ഒരു ദിവസത്തെ ചെലവ് 8000 രൂപ! വൈറലായി ഇന്ത്യൻ യുവതിയുടെ വീഡിയോ
സ്വന്തം നാട്ടിൽ വിവേചനം, എന്നാൽ സിം​ഗപ്പൂരിൽ അങ്ങനെ അല്ല; പോസ്റ്റുമായി യുവാവ്